ബംഗളൂരു: ബന്ദിപൂർ കടുവാസങ്കേതത്തിനുള്ളിൽ കർശനനിയന്ത്രണത്തോടെ ക്ഷേത്രോത്സവം നടത്താമെന്ന് വനംവകുപ്പ്. കടുവാസങ്കേതത്തിലെ ഹെദിയല ഫോറസ്റ്റ് റേഞ്ചിനകത്താണ് ബെളദഗുപ്പ ശ്രീ മഹാദേശ്വര സ്വാമി ക്ഷേത്രം. ഇവിടെ എല്ലാവർഷവും ഉത്സവം നടത്താറുണ്ട്. കടുവകളുടെ പ്രധാന ആവാസകേന്ദ്രമാണിത്. കോവിഡ് മഹാമാരിയെ തുടർന്ന് 2020ലും 2021ലും ഉത്സവത്തിന് നിരോധനമുണ്ടായിരുന്നു. ഇത്തവണ നവംബർ 20 മുതൽ 23 വരെയാണ് ഉത്സവം. ഇതിനെതിരെ പരിസ്ഥിതി പ്രവർത്തകനായ ഗിരിധർ കുൽകർണി നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിക്ക് (എൻ.ടി.സി.എ) പരാതി നൽകിയിരുന്നു. നൂറുകണക്കിന് ആളുകൾ പങ്കെടുക്കുന്ന ഉത്സവം കടുവാസങ്കേതത്തിനും അതിലെ ജീവികൾക്കും ദോഷകരമാകുമെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് എൻ.ടി.സി.എ കർണാടക സർക്കാറിനോട് റിപ്പോർട്ട് തേടി. ഇതോടെയാണ് ബന്ദിപൂർ ടൈഗർ റിസർവ് ഡയറക്ടർ രമേഷ് കുമാർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കിയത്. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ലൗഡ്സ്പീക്കറുകൾ, ജനറേറ്ററുകൾ എന്നിവ ഉപയോഗിക്കാൻ അനുവദിക്കില്ല. വനത്തിനുള്ളിൽ സ്വകാര്യവാഹനങ്ങൾ അനുവദിക്കില്ല. വാഹനങ്ങൾ വനപ്രദേശത്തിന്റെ പുറത്ത് നിർത്തണം. ഇവിടെനിന്ന് വനംവകുപ്പിന്റെ നേതൃത്വത്തിൽ ഉത്സവത്തിന് വരുന്നവരെ ക്ഷേത്രത്തിൽ എത്തിക്കും. രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെയാകും ഉത്സവസമയം. ഇതുസംബന്ധിച്ച് എൻ.ടി.സി.എക്ക് വിശദമായ റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കടുവ സങ്കേതത്തിനുള്ളിൽ വർഷംതോറും ഇത്തരം പരിപാടി നടത്തുന്നത് വന്യമൃഗങ്ങൾക്ക് ഏറെ ദോഷകരമാണെന്ന് കുൽക്കർണി പറയുന്നു. ഒരുലക്ഷത്തിൽ കൂടുതൽ ആളുകൾ ഉത്സവത്തിൽ പങ്കെടുക്കാറുണ്ട്. കാളവണ്ടികൾ, ഇരുചക്രവാഹനങ്ങൾ അടക്കമുള്ള സ്വകാര്യവാഹനങ്ങൾ, ലോറികൾ, ബസുകൾ തുടങ്ങിയവയും ഉത്സവവുമായി ബന്ധപ്പെട്ട് എത്താറുണ്ട്. ശബ്ദകോലാഹലവും മറ്റും മൂലം വന്യജീവിസങ്കേതത്തിന് ഗുരുതരമായ പ്രശ്നങ്ങൾ സംഭവിക്കുമെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.