‘ദ കേരള സ്റ്റോറി’: ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി

ന്യൂഡൽഹി: മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കുന്നതെന്ന് ആ​ക്ഷേപമുയർന്ന ‘ദ കേരള സ്റ്റോറി’ സിനിമ തടയണമെന്ന് ആവശ്യം തള്ളിയ ഹൈകോടതി ഉത്തരവിനെതിരായ അപ്പീൽ സുപ്രീംകോടതി മെയ് 15ന് കേൾക്കും. ചൊവ്വാഴ്ച അപ്പീലിന്റെ കാര്യം ശ്രദ്ധയിൽപ്പെടുത്തിയ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെയാണ്, ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഇക്കാര്യം അറിയിച്ചത്.

ഹരജി സുപ്രീംകോടതി മൂന്ന് തവണ പരിഗണിക്കാതെ ഹൈകോടതിയി​ലേക്ക് അയച്ചിരുന്നു. ഹൈകോടതി ആവശ്യം തള്ളിയതിനെ തുടർന്ന് ശേഷം ഇത് നാലാം തവണയാണ് സുപ്രീംകോടതിയിലെത്തുന്നത്.

ഹരജി അടിയന്തിരമായി പരിഗണിക്കേണ്ട ആവശ്യമുണ്ടെന്നും ഹൈകോടതി ഇടക്കാല സ്റ്റേ അനുവദിച്ചിട്ടില്ലെന്നും കപിൽ സിബൽ ബോധിപ്പിച്ചപ്പോൾ തിങ്കളാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് മറുപടി നൽകുകയായിരുന്നു.

തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും നിരോധനം വന്ന ശേഷമാണ് ഇതേ ആവശ്യമായി ഹരജിക്കാർ ഇത്തവണ സുപ്രീംകോടതിയിലെത്തുന്നത്. മൂന്ന് തവണ മടക്കി ഹൈകോടതിയിലേക്ക് അയച്ച ആവശ്യം നാലാം തവണയാണ് സുപ്രീംകോടതി പരിഗണിക്കാൻ പോകുന്നത്.

വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ഹരജികൾക്കൊപ്പം ഈ ഹരജി കേൾക്കാൻ വിസമ്മതിച്ച ജസ്റ്റിസ് ജോസഫ് അധ്യക്ഷനായ ബെഞ്ച് ഒരു തവണയും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രണ്ട് തവണയും ഹരജിയുമായി കേരള ഹൈകോടതിയിലേക്ക് പോകാൻ ആവശ്യപ്പെട്ടു.

ഹരജി നേരത്തേ പരിഗണിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടെങ്കിലും റിലീസാകുന്ന വെളളിയാഴ്ചയേ പരിഗണിക്കൂ എന്ന് കേരള ഹൈകോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ വ്യാഴാഴ്ച കേസെടുപ്പിക്കാനുള്ള ശ്രമം ജംഇയ്യത്ത് നടത്തിയിരുന്നുവെങ്കിലും സുപ്രീംകോടതി അതും അനുവദിച്ചിരുന്നില്ല. കേരള ഹൈകോടതിയിലേക്ക് തന്നെ പോകാനായിരുന്നു സുപ്രീംകോടതിയുടെ നിർദേശം. സിനിമ തടയാനാവില്ലെന്നും സിനിമയുടെ നിലവാരം വിപണി തീരുമാനിക്കട്ടെയെന്നുമുള്ള നീരീക്ഷണവും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ​ബെഞ്ച് നടത്തി. 

Tags:    
News Summary - Petition in Supreme Court seeking stay on interim order for The Kerala Story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.