ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അറസ്റ്റ് ചോദ്യം ചെയ്ത് ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറൻ സമർപ്പിച്ച ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ഹരജിയിൽ കോടതി അന്തിമ തീരുമാനമെടുക്കുംവരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യവും സോറൻ ഉന്നയിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
അറസ്റ്റ് ചോദ്യം ചെയ്ത് സോറൻ സമർപ്പിച്ച ഹരജി മേയ് മൂന്നിന് ഝാർഖണ്ഡ് ഹൈകോടതി തള്ളിയിരുന്നു. ജനുവരി 31നാണ് സോറൻ അറസ്റ്റിലായത്. ഇപ്പോൾ റാഞ്ചിയിലെ ബിർസ മുണ്ട ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
അതിനിടെ, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 14ന് ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഝാർഖണ്ഡ് മന്ത്രി ആലംഗീർ ആലമിന് ഇ.ഡി സമൻസ് അയച്ചു. ആലമിന്റെ പേഴ്സനൽ സെക്രട്ടറി സഞ്ജീവ് കുമാർ ലാൽ, സഹായി ജഹാംഗീർ ആലം എന്നിവരെ ഇ.ഡി കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരുമായി ബന്ധമുള്ളയാളുടെ ഫ്ലാറ്റിൽനിന്ന് 32 കോടി രൂപ പിടിച്ചെടുത്ത കേസിലായിരുന്നു അറസ്റ്റ്. മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട അഴിമതി റാക്കറ്റുമായി ഇരുവർക്കും ബന്ധമുണ്ടെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.