ന്യൂഡൽഹി: 276 യാത്രക്കാരുമായി സഞ്ചരിക്കവെ, ഫ്രാൻസിൽ തടഞ്ഞുവെച്ച വിമാനം ദിവസങ്ങൾക്കു ശേഷം മുംബൈയിൽ തിരിച്ചെത്തി. എയർബസ് എ 340 വിമാനത്തിലെ യാത്രക്കാരിൽ കൂടുതലും ഇന്ത്യക്കാരാണ്. മനുഷ്യക്കടത്ത് സംശയിച്ചാണ് വിമാനം നാലുദിവസം ഫ്രാൻസിൽ തടഞ്ഞുവെച്ചത്. ചൊവ്വാഴ്ച പുലർച്ചെ നാലുമണിക്കാണ് വിമാനം മുംബൈയിൽ ലാൻഡ് ചെയ്തത്.
യാത്രക്കാരില്‍ പലര്‍ക്കും സ്വന്തം നാട്ടിലേയ്ക്ക് മടങ്ങാന്‍ താല്‍പര്യമില്ലെന്നും മടക്കയാത്ര അനിശ്ചിതത്വത്തിലാണെന്നുമുളള റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് വിമാനം മുംബൈലേയ്ക്ക് പുറപ്പെട്ടത്.
303 യാത്രക്കാരുമായാണ് വിമാനം ദുബൈയിൽ നിന്ന് നിക്കരാഗ്വയിലേക്ക് പറന്നത്. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം താൽകാലികമായി ഫ്രാൻസിലെ വാത്രി വിമാനത്താവളത്തിൽ വ്യാഴാഴ്ച ഇറക്കിയതിനു പിന്നാലെയാണ് തടഞ്ഞുവെച്ചത്. രണ്ടുദിവസം യാത്രക്കാരെ ചോദ്യം ചെയ്തതിനു ശേഷമാണ് വിമാനം വിട്ടുനൽകാൻ തീരുമാനിച്ചത്. എന്നാൽ ചില യാത്രക്കാർ നാട്ടിലേക്ക് മടങ്ങാൻ താൽപര്യം കാണിച്ചില്ല. 276 പേർ മാത്രമാണ് മടങ്ങിവരാൻ താൽപര്യം കാണിച്ചത്. പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം, 25 പേർ ഫ്രാൻസിൽ അഭയം തേടി.
അന്വേഷണത്തിന്റെ ഭാഗമായി വിമാനത്തിലെ യാത്രക്കാരായ രണ്ടുപേരെ ഫ്രഞ്ച് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 303 യാത്രക്കാരിൽ 11 പേർ പ്രായപൂർത്തിയാകാത്തവരായിരുന്നു. ഇവർക്ക് തുണയായി ആരുമുണ്ടായിരുന്നില്ല. വിമാനം തടഞ്ഞുവെച്ച ശേഷം, യാത്രക്കാർക്ക് ഉറങ്ങാനും ഭക്ഷണം കഴിക്കാനും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുമുള്ള സംവിധാനവും ഒരുക്കിയിരുന്നു. വിമാനത്തിന്റെ നിക്കരാഗ്വയിലേക്കുള്ള യാത്രയാണ് സംശയം ജനിപ്പിച്ചത്. യു.എസിലേക്ക് ഏറ്റവും കൂടുതൽ അനധികൃത കുടിയേറ്റം നടക്കുന്ന മധ്യ അമേരിക്കൻ രാജ്യമാണ് നിക്കരാഗ്വ. നിക്കരാഗ്വ വഴി യു.എസിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നതായി യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പട്രോൾ അറിയിച്ചിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ 96,917 ഇന്ത്യക്കാരാണ് അനധികൃതമായി യു.എസിലേക്ക് കടക്കാന്‍ ശ്രമിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 51.61 ശതമാനം കൂടുതലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.