ന്യൂഡൽഹി: ഈ മാസം രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഐ.എൻ.എസ് വിക്രാന്ത് കമീഷൻ ചെയ്യുന്ന ചടങ്ങുകൾക്കായി കൊച്ചിയിൽ എത്തിയപ്പോൾ, ദേശീയസുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള സംഘം പോപുലർ ഫ്രണ്ടിന്റെ വേരറുക്കാനുള്ള തന്ത്രങ്ങൾ മെനയുകയായിരുന്നു. നടപടിക്ക് മുന്നോടിയായി അദ്ദേഹം കേരള പൊലീസിലെ ഉന്നതരുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു. തുടർന്ന് കേരളത്തിൽനിന്ന് അദ്ദേഹം പോയത് മുംബൈക്കാണ്. അവിടെ ഗവർണറുടെ വസതിയിൽ താമസിച്ച് സുരക്ഷ ഉദ്യോഗസ്ഥരുമായി യോഗങ്ങൾ ചേർന്നു.
മുമ്പ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുന്നോടിയായും മറ്റും ചേർന്ന യോഗങ്ങളുടെ അതേ ഗൗരവത്തിലാണ് ഈ കൂടിക്കാഴ്ചകളുമുണ്ടായത്. നാലുമാസം മുമ്പേ ആസൂത്രണം തുടങ്ങി. എല്ലാം ആഭ്യന്തരമന്ത്രി അമിത് ഷായുടെ അറിവോടെയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഭീകരതക്ക് പണമെത്തിക്കൽ, ഭീകരപ്രവർത്തനം, സായുധ പരിശീലനത്തിന് ക്യാമ്പ് നടത്തൽ, നിരോധിത സംഘടനകളിലേക്ക് ആളുകളെ ആകർഷിക്കൽ തുടങ്ങിയ അഞ്ചു കേസുകളിലാണ് പോപുലർ ഫ്രണ്ടിനും അതിന്റെ നേതാക്കൾക്കുമെതിരായ നടപടി. പങ്കെടുത്ത ഏജൻസികൾ 106 പേരെ അറസ്റ്റു ചെയ്തു. എൻ.ഐ.എ മാത്രം 45 പേരെയാണ് അറസ്റ്റു ചെയ്തത്. നിലവിൽ എൻ.ഐ.എ പോപുലർ ഫ്രണ്ടുമായി ബന്ധമുള്ള 19 കേസുകളാണ് അന്വേഷിക്കുന്നത്. കേരളത്തിൽനിന്ന് 19ഉം തമിഴ്നാട്ടിൽനിന്ന് 11ഉം, കർണാടക ഏഴ്, ആന്ധ്ര നാല്, രാജസ്ഥാൻ രണ്ട്, യു.പി, തെലങ്കാന എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തരെയുമാണ് എൻ.ഐ.എ പിടികൂടിയത്.
ആഭ്യന്തര മന്ത്രാലയം പോപുലർ ഫ്രണ്ടിനെതിരായ നടപടിക്കായി സെപ്റ്റംബർ 19ന് എൻ.ഐ.എ, ഇ.ഡി, ഇന്റലിജൻസ് ബ്യൂറോ ഉന്നതരുടെ പ്രത്യേകയോഗം വിളിച്ചിരുന്നതായി 'ഇന്ത്യ ടുഡേ' റിപ്പോർട്ട് ചെയ്തു. എല്ലാം അതീവരഹസ്യമായിരുന്നു. സംഘടന പ്രവർത്തകർക്ക് തടസ്സം സൃഷ്ടിക്കാനാകാത്ത വിധമാണ് 'ഓപറേഷൻ മിഡ്നൈറ്റ്' നടത്തിയത്. ഇതിനായി ആറ് കൺട്രോൾ റൂമുകൾ സജ്ജീകരിച്ചു. നടപടികൾ പൂർത്തിയാക്കിയശേഷം ഇതിൽ പങ്കെടുത്ത എല്ലാ ഉദ്യോഗസ്ഥരും അവരവരുടെ ഓഫിസുകളിലേക്ക് മടങ്ങി.
നാല് ഐ.ജിമാരും എ.ഡി.ജിമാരും 16 എസ്.പിമാരും ഉൾപ്പെടെ 200 എൻ.ഐ.എ ഉദ്യോ ഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. 150ലേറെ മൊബൈൽ ഫോണുകൾ, 50ലധികം ലാപ്ടോപ്പുകൾ, രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തു. പിടികൂടാൻ തീരുമാനിച്ച എല്ലാ നേതാക്കളും ഒരാഴ്ചയായി നിരീക്ഷണത്തിലായിരുന്നു.
വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ഉന്നതയോഗം ചേർന്നിരുന്നു. ഇതിൽ അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, എൻ.ഐ.എ ഡയറക്ടർ ജനറൽ ദിൻകർ ഗുപ്ത തുടങ്ങിയവർ സംബന്ധിച്ചു.
പോപുലർ ഫ്രണ്ടിനെതിരെ നീക്കം ശക്തം; നിരോധനം പരിഗണനയിൽ
ന്യൂഡൽഹി: ദേശവ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെ പോപുലർ ഫ്രണ്ടിനെതിരായ നീക്കം ശക്തിപ്പെടുത്തി അന്വേഷണ ഏജൻസികൾ. ഇതിന്റെ ഭാഗമായി എൻ.ഐ.എയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ശക്തമായ കുറ്റാരോപണങ്ങളും ഉപോദ്ബലകമായ തെളിവുകളുമടങ്ങിയ റിപ്പോർട്ട് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറും. സംഘടനയെ നിരോധിക്കുന്നതിന് മുന്നോടിയായാണിതെന്നാണ് സൂചന.
രാജ്യദ്രോഹം, വിദ്വേഷപ്രചാരണം, കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾക്കെതിരായ പോരാട്ടം, ഭീകരത പ്രോത്സാഹിപ്പിക്കുന്ന സംഘംചേരൽ, പരിശീലനം എന്നിങ്ങനെ അന്വേഷണ ഏജൻസികൾ പോപുലർ ഫ്രണ്ടിനെതിരെ ഉന്നയിക്കുന്ന കുറ്റങ്ങൾ പലതാണ്. പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ പങ്കാളിത്തമുള്ള കുറ്റകൃത്യങ്ങളുടെ പട്ടികയും തയാറാക്കിയിട്ടുണ്ട്.
വിവിധ പ്രക്ഷോഭങ്ങളിലെ അക്രമാസക്ത പങ്കാളിത്തം, യുവാക്കളിൽ തീവ്രചിന്ത വളർത്തൽ, കള്ളപ്പണ ഇടപാട്, ഭീകര സംഘടനാ ബന്ധം എന്നിങ്ങനെ പല കുറ്റപത്രങ്ങൾ പി.എഫ് പ്രവർത്തകർക്കെതിരെയുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ വിവിധ സംസ്ഥാനങ്ങളിൽ പി.എഫ് പ്രവർത്തകർക്കെതിരെ ഒട്ടേറെ കേസുകൾ രജിസ്റ്റർ ചെയ്തത് എൻ.ഐ.എ ചൂണ്ടിക്കാട്ടുന്നു. 45 കേസുകളിൽ പി.എഫുകാർ ശിക്ഷിക്കപ്പെട്ടു.
പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് യു.പി അടക്കം വിവിധ സംസ്ഥാനങ്ങൾ നേരത്തേ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിരോധന നടപടികളിലാണ് സർക്കാറെന്ന് കഴിഞ്ഞവർഷം സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചിരുന്നു. യു.എ.പി.എ നിയമപ്രകാരമുള്ള നിരോധനം പരിഗണനയിലാണെന്ന് കേന്ദ്രസർക്കാർ 2018ൽ പാർലമെന്റിനെയും അറിയിച്ചിരുന്നു.അതേസമയം, പോപുലർ ഫ്രണ്ടിനെ നിരോധിക്കാതെതന്നെ നേരിടുന്ന സമീപനമാണ് ഇതുവരെ സർക്കാർ പുലർത്തിയത്. നിരോധിച്ചാൽ കൂടുതൽ വളരുമെന്ന വിലയിരുത്തലുകളാണ് ഉണ്ടായത്. പോപുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ സാമുദായിക ഭിന്നത വളർത്തുന്നതിനൊപ്പം കേന്ദ്ര-സംസ്ഥാനതലങ്ങളിൽ ബി.ജെ.പിയെ രാഷ്ട്രീയമായി പരിക്കേൽപിക്കുന്നുവെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം.
കേന്ദ്ര ഏജൻസികളും സംസ്ഥാന പൊലീസും അണിനിരന്ന് വിവിധ സംസ്ഥാനങ്ങളിൽ വിപുല സന്നാഹങ്ങളോടെ നടത്തിയ റെയ്ഡിലെ വ്യക്തമായ മുന്നൊരുക്കം, നിരോധനം അടക്കമുള്ള അടുത്ത നീക്കങ്ങളുടെ കൂടി സൂചനയാണ്. 15 സംസ്ഥാനങ്ങളിലെ 93 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഇതിനിടെ, ഡൽഹിയിലേക്ക് കൊണ്ടുവന്ന കേരള നേതാക്കൾ അടക്കമുള്ളരുടെ ചോദ്യംചെയ്യൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.