സൽമാൻ ഖാൻ

സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന: ഹരിയാന സ്വദേശി അറസ്റ്റിൽ

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെ വധിക്കാൻ പദ്ധതിയൊരുക്കിയെന്ന കേസിൽ ഹരിയാന സ്വദേശിയെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. ഹരിയാനയിലെ പാനിപത്തിൽനിന്ന് പിടിയിലായ പ്രതിയെ വ്യാഴാഴ്ച നവി മുംബൈയിൽ എത്തിച്ച് മജിസ്ട്രേറ്റിന് മുന്നില്ഡ ഹാജരാക്കും. ഇക്കഴിഞ്ഞ ജൂണിൽ സൽമാൻ ഖാനെ പനവേലിലുള്ള അദ്ദേഹത്തിന്‍റെ ഫാം ഹൗസിലേക്ക് പോകുന്നതിനിടെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതായി പൊലീസ് പറയുന്നു. ഏപ്രിലിൽ ബാന്ദ്രയിലെ വസതിക്കു നേരെ വെടിയുതിത്തതിനു ശേഷമാണ് ഗൂഢാലോചന നടന്നത്.

വീടിനു നേരെ വെടിവെച്ചത് ലോറൻസ് ബിഷ്ണോയി സംഘമാണെന്ന് വിശ്വസിക്കുന്നതായി സൽമാൻ ഖാൻ പൊലീസിന് മൊഴി നൽകിയിരുന്നു. തന്നെയും കുടുംബത്തെയും വകവരുത്താനാണ് അവർ ലക്ഷ്യമിടുന്നതെന്നും സൽമാൻ പറഞ്ഞു. പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ട് പ്രകാരം ബിഷ്ണോയ്, സമ്പത് നെഹ്റ ഗ്യാങ്ങുകൾ സൽമാൻ ഖാന്‍റെ നീക്കങ്ങൾ നിരീക്ഷിക്കാൻ എഴുപതോളം പേരെ നിയോഗിച്ചിട്ടുണ്ട്. വീട്ടിലും ഫാം ഹൗസിലും കൂടാതെ സിനിമ ഷൂട്ടിങ് ലൊക്കേഷനുകളിലും വരെ ഇവർ എത്തുന്നതായാണ് റിപ്പോർട്ട്. സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന ശക്തമാണെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഏപ്രിലിൽ പനവേൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ ശനിയാഴ്ച സൽമാൻ ഖാനുമായി അടുത്ത ബന്ധമുണ്ടായിരുന്ന എൻ.സി.പി നേതാവ് ബാബാ സിദ്ദീഖിയുടെ വധത്തോടെയാണ് ബിഷ്ണോയ് സംഘം വീണ്ടും സജീവ ചർച്ചയിലേക്ക് വന്നത്. 66കാരനായ ബാബ സിദ്ദീഖിക്ക് ബാന്ദ്രയിൽ മകൻ സീഷൻ സിദ്ദിഖിയുടെ ഓഫിസിന് പുറത്തുവെച്ച് ശനിയാഴ്ച രാത്രിയാണ് വെടിയേറ്റത്. ബോളിവുഡ് താരം സൽമാൻ ഖാനുമായുള്ള അടുപ്പമാണ് എൻ.സി.പി നേതാവിന്‍റെ കൊലയ്ക്ക് കാരണമെന്ന് ബിഷ്ണോയി സംഘാംഗമെന്ന് കരുതുന്നയാളുടെ സമൂഹമാധ്യമ അക്കൗണ്ടിൽ കുറിപ്പു വന്നിരുന്നു.

സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായി മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ബാബാ സിദ്ദീഖി കൊല്ലപ്പെട്ടത്. വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ സിദ്ദീഖിയെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു വെടിയുണ്ട നെഞ്ചിലും രണ്ടു വെടിയുണ്ടകൾ വയറ്റിലുമാണ് തറച്ചത്.

Tags:    
News Summary - Plot to kill Salman Khan: Navi Mumbai police nab man from Haryana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.