സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും കന്നഡയിൽ അഭിനന്ദിച്ച് നരേന്ദ്ര മോദി

കർണാടകയിൽ അധികാരമേറ്റ കോൺഗ്രസ് സർക്കാരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയും പേരെടുത്തുപറഞ്ഞാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്. കന്നഡയിലും ഇംഗ്ലീഷിലുമായി ട്വീറ്റുകളിലൂടെയായിരുന്നു അഭിനന്ദനം. ഇരുവർക്കും ഫലപ്രദമായ ഒരു ഭരണ കാലയളവ് ഉണ്ടാകട്ടെയെന്നും മോദി ആശംസിച്ചു.

ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെഹ് ലോട്ട് ആണ് സിദ്ധരാമയ്യക്കും ഡി.കെ. ശിവകുമാറിനും സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലായിരുന്നു സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ. അജ്ജയ്യ ഗംഗാധര സ്വാമിയുടെ പേരിലാണ് ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തത്.

മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയാണ് ഇവർക്കുശേഷം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ദലിത് നേതാവ് കെ.എച്ച് മുനിയപ്പയും അധികാരമേറ്റു. ജാതി-മത പ്രാതിനിധ്യത്തിന് തുല്യ പരിഗണന നൽകിയുള്ള സർക്കാരാണ് കർണാടകയിൽ അധികാരമേറ്റത്. മലയാളിയും മുൻ ആഭ്യന്തരമന്ത്രിയുമായ കെ.ജെ. ജോർജ്, ലിങ്കായത്ത്‍ വിഭാഗത്തെ പ്രതിനിധീകരിച്ച് എം.ബി. പാട്ടീൽ, മുസ്‍ലിം വിഭാഗത്തിന്റെ പ്രതിനിധിയായി സമീർ അഹമ്മദ് ഖാൻ, സതീഷ് ജാർക്കിഹോളി, മല്ലികാർജുൻ ഖാ​ർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഡി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

മുഖ്യമന്ത്രിപദത്തിൽ 75 കാരനായ സിദ്ധരാമയ്യക്ക് രണ്ടാമൂഴമാണിത്. കർണാടകയുടെ 24ാമത് മുഖ്യമന്ത്രിയാണ് അദ്ദേഹം. ബി.ജെ.പിയെ 66 സീറ്റുകളിലൊതുക്കി 136 സീറ്റുമായാണ് ഇക്കുറി കോൺഗ്രസ് കർണാടകയിൽ അധികാരം പിടിച്ചെടുത്തത്. മുഖ്യമന്ത്രി പദത്തെ ചൊല്ലി സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ തർക്കം നിലനിന്നിരുന്നു. ചർച്ചകൾക്കൊടുവിൽ പ്രായവും പരിചയ സമ്പത്തും കണക്കിലെടുത്ത് മുഖ്യമന്ത്രിസ്ഥാനം സിദ്ധരാമയ്യക്കു തന്നെ നൽകുകയായിരുന്നു. പാർട്ടി തീരുമാനം അംഗീകരിച്ച ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും നൽകി.

വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു എന്നിവർ ചടങ്ങിൽ പ​ങ്കെടുത്തു. നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസന്റെ സാന്നിധ്യവും ​ശ്രദ്ധിക്കപ്പെട്ടു. പ്രിയങ്കയും രാഹുലും വേദിയിലുണ്ടായിരുന്നു.

രാജ്യത്തെ പ്രതിപക്ഷ നിരയിൽനിന്ന് 20 നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. ബി.ജെ.പിയെ പൊതുശത്രുവാക്കി ദേശീയ-പ്രാദേശിക പാർട്ടികളുടെ സഖ്യം രൂപപ്പെടുത്താനുള്ള നീക്കം സജീവമാകുന്നതിനിടെയാണ് കർണാടകയിലെ വേദിയിൽ പ്രതിപക്ഷ നേതാക്കൾ ഒന്നിക്കുന്നത്.

34 പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധിക്കും. മന്ത്രിസഭയിലും ബോർഡ് കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങളിലും ജാതി- മത പ്രാതിനിധ്യത്തിന് തുല്യപരിഗണന നൽകാനാണ് കോൺഗ്രസ് തീരുമാനം. ആ​ർ.​വി. ദേ​ശ്പാ​ണ്ഡെ, ദി​നേ​ശ് ഗു​ണ്ടു​റാ​വു, കൃ​ഷ്ണ ബൈ​രെ ഗൗ​ഡ, ടി.​ബി. ജ​യ​ച​ന്ദ്ര, എ​ച്ച്.​സി. മ​ഹാ​ദേ​വ​പ്പ, ല​ക്ഷ്മി ഹെ​ബ്ബാ​ൾ​ക്ക​ർ, ച​ലു​വ​രാ​യ സ്വാ​മി, യു.​ടി. ഖാ​ദ​ർ, ത​ൻ​വീ​ർ​സേ​ട്ട്, എ​ൻ.​എ. ഹാ​രി​സ്, ബി.​​കെ. ഹ​രി​പ്ര​സാ​ദ്, സ​ലിം അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​രും പ​ട്ടി​ക​യി​ൽ മു​ന്നി​ലു​ണ്ട്.

Tags:    
News Summary - PM Modi congratulates Siddaramaiah, Shivakumar on becoming on becoming CM and Deputy CM of Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.