ന്യൂഡൽഹി: 16-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലേക്ക് പുറപ്പെട്ടു. ഇന്ന് റഷ്യൻ പ്രസിഡൻറ് വ്‌ളാദിമിർ പുടിൻ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി മോദി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
ഒക്ടോബർ 22 ,23 തിയതികളിൽ റഷ്യയിലെ കസാനിലാണ് ഉച്ചകോടി നടക്കുന്നത്. കാലാവസ്ഥ, സമ്പദ്‌വ്യവസ്ഥ ഉൾപ്പെടെയുള്ള ആഗോള പ്രശ്‌നങ്ങളിൽ ശ്രദ്ധയൂന്നുന്ന ബ്രിക്‌സിനുള്ളിലെ സഹകരണത്തെ ഇന്ത്യ വിലമതിക്കുന്നതായി പ്രധാനമന്ത്രി മോദി പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ തന്റെ കസാൻ സന്ദർശനം ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേകവും തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ ദൃഢമാക്കുമെന്നും മോദി പറഞ്ഞു.
ഉച്ചകോടിയിൽ റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാൻ, ബ്രസീൽ, യു.എ.ഇ, ഈജിപ്ത്, തുർക്കി, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
റഷ്യ-യുക്രെയ്ൻ യുദ്ധവും ഫലസ്തീനിലെ ഇസ്രയേൽ അതിക്രമവും തുടർന്ന് മിഡിൽ ഈസ്റ്റിലുണ്ടായ അശാന്തിയുടെയും ആശങ്കയുടേയും പശ്ചാത്തലത്തിലാണ് ഉച്ചകോടി നടക്കുന്നത്.
ഈ വർഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദി റഷ്യൻ സന്ദർശനം നടത്തുന്നത്. ജൂലൈയിൽ മോസ്‌കോയിൽ നടന്ന 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.
ബ്രിക്‌സ് ഉച്ചകോടിയുടെ തലേന്ന് നടന്ന മറ്റൊരു സുപ്രധാന സംഭവവികാസം, കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽ.എ.സി) പട്രോളിങ് പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും സമ്മതിച്ചതാണ്. ഇത് രണ്ട് അയൽരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തും. പ്രധാനമന്ത്രി മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്താനിടയുള്ള കൂടിക്കാഴ്ച ഇരു രാജ്യങ്ങൾക്കിടയിലെ അസ്വാരസ്യങ്ങളെ മായ്ച്ചുകളയുമോ എന്നാണ് ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.