ഊർജ മേഖലയിൽ റഷ്യയുമായി സഹകരിക്കാൻ തയാറെന്ന് ​പ്രധാനമന്ത്രി മോദി; ആർട്ടിക് വിഷയങ്ങളിൽ പങ്കാളിത്തം ശക്തിപ്പെടുത്താനും താൽപര്യം

ന്യൂഡൽഹി: റഷ്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആർട്ടിക് വിഷയങ്ങളിൽ റഷ്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനും ഊർജ മേഖലയിൽ സാമ്പത്തിക സഹകരണത്തിനും താൽപര്യമുണ്ടെന്നും പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ അറിയിച്ചു.

വിദൂര റഷ്യൻ ഫാർ ഈസ്റ്റിലെ വികസനം പ്രോത്സാഹിപ്പിക്കുന്ന ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിന്റെ പ്ലീനറി സെഷനിൽ ഫലത്തിൽ പങ്കെടുക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷ്യധാന്യങ്ങൾ, വളങ്ങൾ, ഇന്ധനങ്ങൾ എന്നിവയുടെ ദൗർലഭ്യം വികസ്വര രാജ്യങ്ങളുടെ പ്രധാന ആശങ്കയാണെന്നു പറഞ്ഞ പ്രധാനമന്ത്രി യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാനപരമായ എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പിന്തുണയും ആവർത്തിച്ചു.

യുക്രെയ്ൻ സംഘർഷവും കോവിഡ് മഹാമാരിയും ആഗോള വിതരണ ശൃംഖലയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും മോദി പറഞ്ഞു. യുക്രെയ്ൻ സംഘർഷത്തിന്റെ തുടക്കം മുതൽ നയതന്ത്രത്തിന്റെയും സംഭാഷണത്തിന്റെയും പാത സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യ ഊന്നിപ്പറഞ്ഞിരുന്നു. ''ഈ സംഘർഷം അവസാനിപ്പിക്കാനുള്ള എല്ലാ സമാധാനപരമായ ശ്രമങ്ങളെയും ഞങ്ങൾ പിന്തുണയ്ക്കുന്നു. ഇക്കാര്യത്തിൽ, ധാന്യങ്ങളുടെയും രാസവളങ്ങളുടെയും സുരക്ഷിതമായ കയറ്റുമതി സംബന്ധിച്ച സമീപകാല കരാറിനെയും സ്വാഗതം ചെയ്യുന്നു''-അടുത്തിടെ റഷ്യ-യുക്രെയ്ൻ ധാന്യ-വളം കരാറിനെ പരാമർശിച്ച് മോദി വ്യക്തമാക്കി.

അടുത്താഴ്ച ഉസ്ബെകിസ്താനിൽ നടക്കുന്ന ഉച്ചകോടിയിൽ മോദി പുടിനുമായി കൂടിക്കാഴ്ച നടത്തും. റഷ്യൻ എണ്ണയുടെ വിലയിൽ നിയന്ത്രണമേർപ്പെടുത്താനുള്ള ജി7 ​രാജ്യങ്ങളുടെ ശ്രമങ്ങൾക്കിടെയാണ് ഉച്ചകോടി നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഉച്ചകോടിയിൽ പ​ങ്കെടുക്കുന്നുണ്ട്.

റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതി വർധിപ്പിച്ച ഇന്ത്യയും ചൈനയും യുക്രെയ്‌നിലെ റഷ്യയുടെ സൈനിക നടപടിയെ അപലപിച്ചിട്ടില്ല. ജി 7രാജ്യങ്ങളുടെ നിർദിഷ്ട വില പരിധിയെ പിന്തുണയ്ക്കാനും താൽപര്യപ്പെട്ടിട്ടില്ല.

Tags:    
News Summary - PM Narendra Modi backs economic, energy ties with Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.