ന്യൂഡൽഹി: രണ്ട് മാസത്തിലേറെയായി മണിപ്പൂരിൽ തുടരുന്ന കലാപത്തിൽ ഇതാദ്യാമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായാണ് മോദിയുടെ പ്രതികരണം. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് താൻ രാജ്യത്തിന് ഉറപ്പ് നൽകുകയാണെന്ന് മോദി പറഞ്ഞു. മണിപ്പൂരിന്റെ പെൺമക്കൾക്കുണ്ടായ ദുരനുഭവം ഒരിക്കലും പൊറുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മണിപ്പൂരിലെ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുന്നതിന്റെ വിഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
എന്റെ ഹൃദയം ദേഷ്യത്താലും വേദനയാലും നിറയുകയാണ്. മണിപ്പൂരിൽ നടന്ന സംഭവം ഏതൊരു ജനസമൂഹത്തിനും അപമാനകരമാണ്. സംസ്ഥാനങ്ങളിലെ ക്രമസമാധാനനില കാത്തുസൂക്ഷിക്കാൻ മുഖ്യമന്ത്രിമാർ കടുത്ത നടപടികളെടുക്കണം. സ്ത്രീസുരക്ഷക്കും പ്രാധാന്യം നൽകണമെന്ന് മോദി ആവശ്യപ്പെട്ടു. മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ കടുത്ത പ്രതിഷേധമുയർത്താൻ പ്രതിപക്ഷം ഒരുങ്ങുന്നതിനിടെയാണ് മോദിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
അതേസമയം, മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായിരുന്നു. ഹെരദാസ് എന്നയാളാണ് മണിപ്പൂരിലെ തൗബാൽ ജില്ലയിൽ നിന്നും അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. വിഡിയോയിൽ പച്ച ഷർട്ട് ധരിച്ച് നിൽക്കുന്നയാളാണ് പിടിയിലായതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
മണിപ്പൂരിൽ കുക്കി വനിതകൾക്കുനേരെയുണ്ടായ ക്രൂരമായ ആക്രമണം സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. രണ്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്ത് പട്ടാപകൽ റോഡിലൂടെ നഗ്നരായി നടത്തിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
മേയ് നാലിന് കാങ്പോക്പി ജില്ലയിൽ നടന്ന സംഭവത്തിന്റെ നടുക്കുന്ന ദൃശ്യമാണ് ഇപ്പോൾ പ്രചരിച്ചത്. സംഭവത്തിന്റെ തലേദിവസം കുക്കി, മെയ്തേയ് വിഭാഗങ്ങൾ തമ്മിൽ സംഘട്ടനമുണ്ടായിരുന്നു. തുടരെ അപമാനിക്കുന്നതും നിസ്സഹായരായി സ്ത്രീകൾ കരയുന്നതും ദൃശ്യത്തിലുണ്ട്. കുട്ടികൾക്കും ചെറുപ്പക്കാർക്കുമിടയിലൂടെ മുഖത്തടിച്ചും സ്വകാര്യഭാഗങ്ങളിൽ അതിക്രമം നടത്തിയും യുവതികളെ വയലിലേക്ക് ജനക്കൂട്ടം നടത്തിച്ചുകൊണ്ടുപോകുന്ന ദൃശ്യം അതിക്രൂരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.