മുംബൈ: ബോംെബ ഹൈകോടതി ആറുമാസത്തേക്ക് ജാമ്യം അനുവദിച്ച ഭീമ കൊറെഗാവ് കേസിൽ കുറ്റരോപിതനായ തെലുഗു കവി വരവര റാവു ആശുപത്രി വിട്ടു. ശനിയാഴ്ച രാത്രി 11.45ഓടെയാണ് മുംബൈ നാനാവതി ആശുപത്രിയിൽനിന്ന് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.
വരവര റാവുവിന്റെ ചിത്രം പങ്കുവെച്ച് അദ്ദേഹത്തിന്റെ അഭിഭാഷക ഇന്ദിര ജെയ്സിങ് ആശുപത്രി വിടുന്ന വിവരം ട്വീറ്റ് ചെയ്തു. 'ഒടുവിൽ മോചനം. 2021 മാർച്ച് ആറിന് വരവര റാവു മുംബൈ നാനാവതി ആശുപത്രി വിട്ടു' -ഇന്ദിര ജെയ്സിങ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ 22നാണ് ആരോഗ്യവും പ്രായാധിക്യവും പരിഗണിച്ച് ഹൈകോടതി റാവുവിന് ആറു മാസത്തെ ഇടക്കാല ജാമ്യം നൽകിയത്. ജാമ്യ വ്യവസ്ഥകളിൽ സ്വന്തമായി 50,000 രൂപ കെട്ടിവെക്കുന്നതിനൊപ്പം ഇതേ തുകയിൽ രണ്ട് ആൾ ജാമ്യവും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കോവിഡ് കാരണം ആൾജാമ്യത്തിന് ആളെ കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇളവ് തേടി റാവു വീണ്ടും ഹൈകോടതിയെ സമീപിക്കുകയായിരുന്നു. റാവുവിെൻറ ആവശ്യം എൻ.െഎ.എ എതിർത്തു.
എന്നാൽ രണ്ട് ആൾജാമ്യത്തിന് പകരം തൽക്കാലം 50,000 രൂപ കെട്ടിവെച്ച് ജാമ്യത്തിലിറങ്ങാൻ വരവര റാവുവിന് ജസ്റ്റിസുമാരായ എസ്.എസ് ഷിൻഡെ, മനീഷ് പിതാലെ എന്നിവരുടെ ബെഞ്ച് അനുമതി നൽകുകയായിരുന്നു.
യു.എ.പി.എ നിയമ പ്രകാരം രാജ്യദ്രോഹ കുറ്റം ചുമത്തി 2018ൽ അറസ്റ്റിലായത് മുതൽ വരവര റാവു ജയിലിലാണ്. പുണെയിൽനിന്ന് മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റിയതോടെയാണ് റാവു മൂത്ര, നാഡീ രോഗങ്ങളെ തുടർന്ന് അവശനായത്. ഒാർമ നഷ്ടവുമുണ്ടായി. ജയിൽ അധികൃതർ അദ്ദേഹത്തിെൻറ ആരോഗ്യാവസ്ഥ ഗൗരവത്തിലെടുക്കുന്നില്ലെന്ന് ആരോപിച്ച് ബന്ധുക്കൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിനെ തുടർന്നാണ് റാവുവിനെ നവംബറിൽ നാനാവതി ആശുപത്രിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.