ന്യൂഡൽഹി: സി.പി.എം പഠന ഗവേഷണ കേന്ദ്രമായ സുര്‍ജിത് ഭവനിൽ നടക്കുന്ന സെമിനാര്‍ തടയാൻ ഡൽഹി പൊലീസ് ഗേറ്റ് പൂട്ടിയിട്ടു. ഡൽഹിയിൽ നടക്കാനിരിക്കുന്ന ‘ജി20’ സമ്മേളനത്തിനെതിരായി ‘വി20’ എന്ന പേരിൽ വെള്ളിയാഴ്ച ആരംഭിച്ച മൂന്നു ദിവസം നീണ്ട സെമിനാറാണ് ശനിയാഴ്ച രാവിലെ ഡൽഹി പൊലീസ് തടഞ്ഞത്.
ആളുകൾ അകത്ത് പ്രവേശിക്കാതിരിക്കാൻ ബാരിക്കേഡുവെച്ച് തടഞ്ഞ പൊലീസ് സുർജിത് ഭവന്‍റെ ഗേറ്റും പൂട്ടിയിട്ടു. സെമിനാറിന് മുൻകൂർ അനുമതി തേടിയില്ലെന്നാണ് നടപടിക്ക് കാരണമായി പറയുന്നത്. എന്നാൽ, പാർട്ടി കെട്ടിടത്തിനകത്ത് നടക്കുന്ന പരിപാടിക്ക് മുൻകൂർ അനുമതി തേടാറില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. അതേസമയം, പൊലീസ് നടപടിയുണ്ടാകുന്നതിനുമുമ്പ് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് അടക്കമുള്ളവർ സുർജിത് ഭവനിൽ പ്രവേശിച്ചിരുന്നു. ഇവർ നേരത്തേ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം സെമിനാറുമായി മുന്നോട്ടുപോയി. അകത്തേക്ക് പ്രവേശിക്കാൻ കഴിയാതിരുന്നവർ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
സെമിനാറിൽ വിഷയം അവതരിപ്പിച്ചശേഷം ജയ്റാം രമേശിന് പുറത്തേക്ക് പോകാനാകാതെ ഏറെസമയം സുർജിത് ഭവൻ വളപ്പിൽ സമയം ചെലവഴിക്കേണ്ടിവന്നു. സി.പി.എമ്മിന്‍റെ കെട്ടിടത്തിൽ തികച്ചും സമാധാനപരമായി നടന്ന യോഗത്തിനെതിരെയുണ്ടായ പൊലീസ് നടപടി ആശ്ചര്യകരമാണെന്ന് ജയ്റാം രമേശ് പറഞ്ഞു. പൊലീസ് അടിച്ചമർത്തൽ ആരംഭിക്കുന്നതിനു മുമ്പ് രാവിലെ എനിക്ക് അകത്തു പ്രവേശിക്കാൻ കഴിഞ്ഞു. പക്ഷേ, ഇപ്പോൾ പുറത്തിറങ്ങാൻ പ്രയാസമാണ്. ഇതാണ് പുതിയ ഇന്ത്യൻ ജനാധിപത്യമെന്നും അദ്ദേഹം സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.
പാര്‍ട്ടി ഓഫിസിനകത്ത് ഇത്തരമൊരു പരിപാടി നടത്താന്‍ പൊലീസില്‍നിന്ന് അനുമതി വാങ്ങേണ്ടതില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടാണ് വെള്ളിയാഴ്ച രാവിലെ സെമിനാർ ഉദ്ഘാടനം ചെയ്തത്. വിമർശനങ്ങളെ ഭയപ്പെടുന്ന മോദിസർക്കാർ എന്തെങ്കിലും ന്യായം കണ്ടെത്തി എതിരഭിപ്രായങ്ങളെ തടയാൻ ശ്രമിക്കുന്നതാണിതെന്നും ആശയസംവാദത്തെ തടസ്സപ്പെടുത്തുന്ന നടപടിക്കെതിരെ എല്ലാ ജനാധിപത്യവാദികളും പ്രതിഷേധിക്കണമെന്നും പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.