ന്യൂഡൽഹി: ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയ് സംഘത്തിലെ ഏഴ് ഷൂട്ടർമാരെ ഡൽഹി പൊലീസിന്റെ സ്പെഷൽ സെൽ അറസ്റ്റ് ചെയ്തു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലാണ് ഇവർ അറസ്റ്റിലായത്.
ബോളിവുഡ് താരം സൽമാൻ ഖാന്റെ വസതിക്ക് സമീപനം നടന്ന വെടിവെപ്പിലും മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകക്കേസിലും ബന്ധമുള്ളവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഡൽഹി അഡീഷനൽ സ്പെഷൽ സെൽ പ്രമോദ് കുമാർ കുശ്വാഹ അറിയിച്ചു.
ആറ് സെമി ഓട്ടോമാറ്റിക് ആയുധങ്ങളും വെടിക്കോപ്പുകളും ഇവരിൽനിന്ന് കണ്ടെടുത്തു. ബാബ സിദ്ദിഖിയുടെ കൊലപാതകത്തെക്കുറിച്ചും ബിഷ്ണോയ് സംഘത്തിന്റെ മറ്റു പ്രവർത്തനങ്ങളെക്കുറിച്ചും ചോദ്യംചെയ്തുവരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് വിദേശത്തുള്ള അന്മോൽ ബിഷ്ണോയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി (എന്‍.ഐ.എ). 2022ൽ പഞ്ചാബ് ഗായകൻ സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയതടക്കം ഇയാൾക്കെതിരെ 18 കേസുകളുണ്ട്. ‘ഭാനു’ എന്ന് അറിയപ്പെടുന്ന അൻമോൽ ബിഷ്ണോയി വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിൽനിന്ന് രക്ഷപ്പെട്ടിരുന്നു.
ഏപ്രിൽ 14ന് സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെ മുംബൈ പൊലീസ് അൻമോലിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. എൻ.സി.പി നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ ബാബാ സിദ്ദീഖിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുമായി അൻമോൽ ബിഷ്ണോയി ബന്ധപ്പെട്ടിരുന്നതായും മുംബൈ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഗുജറാത്ത് ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയെ കൊലപ്പെടുത്തിയാൽ 1.11 കോടി രൂപ പാരിതോഷികം നൽകാമെന്ന് ക്ഷത്രിയ കർണി സേന പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.