ന്യൂഡൽഹി: പൊലീസിനെ വെട്ടിച്ച് രക്ഷപെട്ട ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിന്റെ ബൈക്ക് കണ്ടെത്തി. ബജാജ് പ്ലാറ്റിന ബൈക്കാണ് കണ്ടെത്തിയതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ജലന്ധർ നഗരത്തിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള ദാരാപൂരിലെ കനാലിന് സമീപം ഉപേക്ഷിച്ച നിലയിലാണ് ബൈക്ക് കണ്ടെത്തിയത്.
ആദ്യം തന്റെ മെഴ്‌സിഡസ് വാഹനത്തിലും പിന്നീട് ബ്രെസ്സ എസ.യു.വിയിലും യാത്ര ചെയ്ത അമൃത്പാൽ, അവസാനം ബജാജ് പ്ലാറ്റിന ബൈക്കിന് പിറകിലിരുന്ന് യാത്ര ചെയ്യുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിങ്ക് തലപ്പാവും കറുത്ത കണ്ണടയും ധരിച്ചാണ് അമൃത്പാൽ ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. പൊലീസിന്റെ കണ്ണിൽപ്പെടാതിരിക്കാൻ രൂപം മാറ്റിയതാണെന്നാണ് നിഗമനം. അമൃത്പാലിനെ രക്ഷപെടാൻ സഹായിച്ചതിന് നാലുപേരെ പൊലീസ് ചൊവ്വാഴ്ച് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ അഞ്ചു ദിവസമായി 'വാരിസ് പഞ്ചാബ് ദേ' തലവൻ അമൃത്പാൽ സിങിനായി തിരച്ചിൽ തുടരുകയാണ്. അമൃത്പാലിനെ പിടികിട്ടാപ്പുള്ളിയായി പഞ്ചാബ് പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിർത്തികളിൽ ഉൾപ്പെടെ പരിശോധന ശക്തമാണ്. രാജ്യം വിടാനുള്ള സാധ്യതയുള്ളതിനാൽ വിമാനത്താവളങ്ങളിലും ജാഗ്രതനിർദേശം നൽകിയിട്ടുണ്ട്. അമൃത്പാലിന്‍റെ പല രൂപങ്ങളിലുള്ള ഫോട്ടോകളും പൊലീസ് പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.