ന്യൂഡൽഹി: മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത ഹരിദ്വാർ ധർമ സൻസദ് സംഘാടകൻ യതി നരസിംഹാനന്ദിന്റെ അറസ്റ്റിൽ പുതിയ വിശദീകരണവുമായി പൊലീസ്. സ്ത്രീകൾക്കെതിരായ പരാമർശങ്ങളുടെ പേരിലാണ് അറസ്റ്റെന്നും വിദ്വേഷ പ്രസംഗത്തിനല്ലെന്നും നേരത്തേ പറഞ്ഞ പൊലീസ് അതുകൂടി ചുമത്തിയതായി പിന്നീട് വിശദീകരിക്കുകയായിരുന്നു. ശനിയാഴ്ചയാണ് നരസിംഹാനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്ത് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. എന്നാൽ, തയാറാക്കിയ എഫ്.ഐ.ആറിൽ ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം കണക്കിലെടുത്ത് 153 എ വകുപ്പ് കൂടി ചേർത്തതായി ഇംഗ്ലീഷ് വാർത്ത ചാനലിന് നൽകിയ വിശദീകരണത്തിൽ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഹരിദ്വാർ ധർമസൻസദുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന രണ്ടാമത്തെയാളാണ് നരസിംഹാനന്ദ്. മതം മാറി ജിതേന്ദ്ര നാരായൺ ത്യാഗിയെന്ന പേരു സ്വീകരിച്ച മുൻ ശിയാ വഖഫ് ബോർഡ് അധ്യക്ഷൻ വസീം റിസ്വിയെ ആണ് ആദ്യം അറസ്റ്റ് ചെയ്തത്. സുപ്രീംകോടതി ഇടപെടലിനെ തുടർന്നായിരുന്നു സംഭവത്തിന് ഒരു മാസം കഴിഞ്ഞ് നടന്ന ആദ്യ അറസ്റ്റ്.
ഹരിദ്വാറിൽ ഡിസംബർ 17-20 തീയതികളിലായിരുന്നു മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത് ധർമ സൻസദ് നടന്നത്. ഇതിലെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക വിമർശനമുയർന്നു. എന്നിട്ടും, നടപടിക്ക് വിസമ്മതിച്ച അധികൃതർക്കെതിരെ കോടതി ഇടപെട്ടതിനു പിന്നാലെയായിരുന്നു പൊലീസ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.