മംഗളൂരു: ജില്ല ജയിലില്‍ ചൊവ്വാഴ്ച നടത്തിയ പൊലീസ് റെയ്ഡിൽ കഞ്ചാവും ആയുധങ്ങളും പിടികൂടി. രാവിലെ 6.30നാണ് പൊലീസ് സംഘം ജയിലിൽ റെയ്ഡ് നടത്തിയത്. കഞ്ചാവ് പൊതികൾ, പലതരം ആയുധങ്ങള്‍, ഇരുമ്പ് വടി,രണ്ട് മൊബൈല്‍ ഫോണ്‍,പെന്‍ഡ്രൈവ്, പവർ ബാങ്ക്, കുപ്പിയില്‍ രൂപപ്പെടുത്തിയ ഹുക്ക തുടങ്ങിയവ വിവിധ സെല്ലുകളിൽ നിന്നും പിടിച്ചെടുത്തു.
സിറ്റി പൊലീസ് കമ്മീഷണര്‍ ടി.സുരേഷിന്‍റെ നിര്‍ദേശമനുസരിച്ച് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഹനുമന്തയ്യയുടെ നേത്യത്വത്തില്‍ നാല് അസി.കമീഷണര്‍മാര്‍ ഉള്‍പ്പെട്ട 50 അംഗ പൊലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. ജയിലിലെ ക്രമക്കേടുകള്‍,സംഘട്ടനങ്ങള്‍,കഞ്ചാവ് കടത്ത് എന്നിവ സംബന്ധിച്ച് പരാതി ഉയരുന്ന സാഹചര്യത്തിലാണ് റെയ്ഡ് നടത്തിയത്.
ഉടുപ്പിയിലെ എന്‍.ആര്‍.ഐ വ്യവസായി ഭാസ്കര്‍ ഷെട്ടി കൊല്ലപ്പെട്ട കേസില്‍ തടവില്‍ കഴിയുന്ന പ്രതികളെ സഹതടവുകാരുടെ മര്‍ദനമേറ്റതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മറ്റൊരു ജയിലിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഭാസ്കര്‍ ഷെട്ടിയുടെ മകനും സഹായിയും ഉള്‍പ്പെട്ട പ്രതികള്‍ക്ക് ജില്ല ജയില്‍ അധിക്യതര്‍ നല്‍കിയ വി.ഐ.പി പരിഗണന വിവാദമാവുകയും ചെയ്തു. അനുവദനീയമല്ലാത്ത ഭക്ഷണം പുറത്തുനിന്ന് വരുത്തി തടവുകാര്‍ സെല്ലിനകത്ത് വട്ടമിട്ടിരുന്ന് കഴിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇൗ സംഭവം പൊലീസ് അന്വേഷിച്ച് വരികയാണ്.
ബൈക്കിലെത്തിയ യുവാവ് കഞ്ചാവ് പൊതികള്‍ അടങ്ങിയ കവര്‍ ജയിലിനകത്തേക്ക് മതില്‍ കടത്തി എറിഞ്ഞത് മംഗളൂരു മേയര്‍ കവിത സനില്‍ നേരില്‍ കണ്ടിരുന്നു. തുടർന്ന് ഇവർ കാറില്‍ ബൈക്കിനെ പിന്തുടർന്നെങ്കിലും ഊടുവഴിയിലൂടെ അവർ രക്ഷപ്പെടുകയായിരുന്നു. ജയിലില്‍ വിചാരണ തടവുകാരനായ യുവാവിന് കഞ്ചാവ് പൊതികളും പാരസിറ്റമോള്‍ ഗുളികകളുമടങ്ങിയ കവര്‍ പരിസരത്തെ ഡയറ്റ് വളപ്പില്‍ നിന്ന് ജയിലിലേക്ക് മതില്‍ കടത്തി എറിഞ്ഞുകൊടുത്ത പിതാവിനെ കഴിഞ്ഞ ദിവസമാണ് ബാര്‍കെ പൊലീസ് പിടികൂടിയത്.
മുംബെ,മംഗളൂരു അധോലോക സംഘങ്ങളുടെ കണ്ണികള്‍ കൂടി ജില്ല ജയിലില്‍ തടവുകാരായുണ്ട്. ഇവര്‍ തമ്മിലുള്ള സംഘട്ടനം കൊലപാതകങ്ങളില്‍ കലാശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.