ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മുസ്ലിം വയോധികനെ സംഘം ചേർന്ന് മർദിക്കുകയും താടി മുറിക്കുകയും ചെയ്ത സംഭവം പുറംലോകത്ത് എത്തിച്ച യുവാവിനുനേരേ നാഷനൽ സെക്യൂരിറ്റി ആക്ട് (എൻ.എസ്.എ) ചുമത്തും. സമാജ്വാദി പാർട്ടിയുടെ പ്രാദേശികനേതാവുകൂടിയായ ഉമൈദ് പെഹൽവാൻ ഇദ്രീസിക്കെതിരായാണ് കരിനിയമം ചുമത്തുന്നത്. ആക്രമണത്തിന് ഇരയായ വയോധികൻ അബ്ദുസ്സമദുമൊത്ത് ഇദ്രീസി ഫേസ്ബുക്ക് ലൈവ് ചെയ്തിരുന്നു. അതിനുശേഷമാണ് സംഭവം പുറംലോകത്ത് എത്തിയതും വലിയ വിവാദമായതും.
ആക്രമണത്തിന് വർഗീയ നിറംപകരാൻ ശ്രമിച്ചു എന്നുപറഞ്ഞാണ് ഇദ്രീസിയെ അറസ്റ്റ് ചെയ്തത്. ജൂൺ 19നായിരുന്നു അറസ്റ്റ്. നിലവിൽ യുവാവിനെതിരേ എൻ.എസ്.എ ചുമത്താൻ പൊലീസ് സർക്കാറിനോട് ശുപാർശ ചെയ്തിട്ടുണ്ട്. എൻ.എസ്.എ ചുമത്തിയാൽ ഒരുവർഷംവരെ ഇദ്ദേഹത്തെ പൊലീസിന് കസ്റ്റഡിയിൽ വയ്ക്കാൻ കഴിയും. ഇന്ത്യൻ പീനൽ കോഡ് (ഐപിസി) സെക്ഷനുകൾ 153 എ (മതത്തിെൻറ അടിസ്ഥാനത്തിൽ ഗ്രൂപ്പുകൾ തമ്മിലുള്ള ശത്രുത വളർത്തൽ), 295 എ (മനപൂർവം ക്ഷുദ്രകരവുമായ പ്രവർത്തനങ്ങൾ, മതത്തെയും മതവിശ്വാസത്തെയും അപമാനിക്കൽ) 504 (സമാധാനം ലംഘിക്കാൻ പ്രേരിപ്പിക്കുന്ന ഉദ്ദേശ്യത്തോടെയുള്ള പ്രവർത്തനം), 505 (പൊതു കുഴപ്പം) തുടങ്ങിയ വകുപ്പുകൾപ്രകാരവും ഇദ്രീസിക്കെതിരേ കേസെടുത്തിട്ടുണ്ട്.
അക്രമം പുറത്തുകൊണ്ടുവന്നാൽ കേസ്
സംഭവം പുറത്തുവന്നശേഷം ഇതിനെതിരേ പ്രതികരിച്ച നിരവധിപേർക്കെതിരേ യു.പി പൊലീസ് കേസെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ട്വീറ്റുകൾ നടത്തിയ ഒമ്പത് പ്രമുഖർക്കെതിരെ കേസെടുത്തിട്ടുണ്ട്. രണ്ട് കോൺഗ്രസ് നേതാക്കളും കേസിൽ പ്രതികളാണ്. ട്വിറ്ററിനേയും പ്രതിചേർത്തിട്ടുണ്ട്. സംഭവത്തിന് മനപ്പൂർവം സാമുദായിക മുഖം നൽകാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കേസ്.
ദ വയർ, റാണ അയ്യൂബ്, മുഹമ്മദ് സുബൈർ, ഡോ.ഷമ മുഹമ്മദ്, സാബ നഖ്വി, മസ്കൂർ ഉസ്മാനി, സൽമാൻ നിസാമി എന്നിവർ വസ്തുതകൾ പരിശോധിക്കാതെ സംഭവത്തിന് വർഗീയ മുഖം നൽകിയെന്നാണ് യു.പി പൊലീസ് ആരോപണം. വയോധികനെ ആക്രമിക്കുന്ന വിഡിയോ പ്രചരിക്കുന്നത് തടയാത്തതിനാണ് ട്വിറ്ററിനെതിരെ കേസെടുത്തിരിക്കുന്നത്.
കേസെടുത്തിരിക്കുന്നവരിൽ അയൂബും നഖ്വിയും മുതിർന്ന മാധ്യമപ്രവർത്തകരാണ്. ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ആൾട്ട് ന്യൂസിലെ ലേഖകനാണ് സുബൈർ. ഷമ മുഹമ്മദും നിസാമിയും കോൺഗ്രസ് നേതാക്കളാണ്. അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ മുൻ വിദ്യാർഥി യൂനിയൻ പ്രസിഡൻറാണ് ഉസ്മാനി.
കേസ് വഴിതിരിച്ചുവിടുന്നതായി കുടുംബം
അതേസമയം വയോധികനെ ആക്രമിച്ച സംഭവം പൊലീസ് വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നതായി കുടുംബം പറയുന്നു. മന്ത്രത്തകിട് വിൽപനയെ ചൊല്ലിയാണ് മർദനമെന്ന വാദം പൊലീസ് സൃഷ്ടിയാണെന്ന് വൃദ്ധന്റെ മക്കൾ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചവർക്കെതിരെ കേസെടുത്തതിന് തൊട്ടുപിന്നാലെയാണ് കുടുംബത്തിന്റെ വെളിപ്പെടുത്തൽ.
ജൂൺ അഞ്ചിനാണ് അബ്ദുസ്സമദ് എന്ന വയോധികന് മർദനം ഏറ്റത്. ദിവസങ്ങൾക്ക് ശേഷമാണ് ഇതിെൻറ വിഡിയോ പുറത്തായത്. തന്നെ ഏതാനും പേർ തട്ടിക്കൊണ്ടുപോയി ജയ് ശ്രീറാം, വന്ദേ മാതരം എന്നിവ വിളിക്കാൻ ആവശ്യപ്പെട്ട് മർദിക്കുകയായിരുന്നുവെന്ന് അബ്ദുസ്സമദ് പറഞ്ഞിരുന്നു. എന്നാൽ, പ്രവർത്തനരഹിതമായ മന്ത്രത്തകിട് വിറ്റതിനാണ് പ്രതികൾ ഇയാളെ മർദിച്ചതെന്നായിരുന്നു പൊലീസ് വാദം. കേസിൽ സാമുദായിക വിവേചനം ഒന്നുമില്ലെന്നും പ്രതികളിൽ ഹിന്ദുക്കളും മുസ്ലിംകളും അടക്കം ആറുപേരുണ്ടെന്നും പൊലീസ് പറയുന്നു.
ഈ ആരോപണം പച്ചക്കള്ളമാണന്ന് അബ്ദുസ്സമദിന്റെ മകൻ ബബ്ലൂ സെയ്ഫി എൻ.ഡി.ടി.വിയോട് പറഞ്ഞു. 'എൻെറ പിതാവ് മന്ത്രത്തകിട്വിൽക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞത് തെറ്റാണ്. ഞങ്ങളുടെ കുടുംബത്തിൽ ആരും ഈ ബിസിനസ്സ് നടത്തുന്നില്ല. ഞങ്ങൾ എല്ലാവരും മരപ്പണിക്കാരാണ്. പൊലീസ് പറയുന്നതൊന്നും ശരിയല്ല. സത്യം എന്താണെന്ന് അന്വേഷിച്ച് കണ്ടെത്തട്ടെ. നാല് മണിക്കൂർ പിതാവ് പീഡിപ്പിക്കപ്പെട്ടു''-അദ്ദേഹം പറഞ്ഞു.
പിതാവ് അക്രമിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം, ജൂൺ ആറിന് തന്നെ ലോണി പൊലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകിയിരുന്നു. അതിൽ നടന്ന സംഭവങ്ങൾ അതുപോലെ വിശദീകരിച്ചിരുന്നതായും മകൻ പറഞ്ഞു. അക്രമത്തെ കുറിച്ച് സമദ് പറയുന്നതിങ്ങനെ: 'സംഭവ ദിവസം പള്ളിയിൽ പോകുേമ്പാൾ ഒരാൾ ഓട്ടോറിക്ഷയുമായി വന്ന് ലിഫ്റ്റ് നൽകി. പിന്നീട് രണ്ടുപേർ കൂടി അതിൽ കയറി. എന്നിട്ട് അവർ ഒരു വീട്ടിലേക്ക് കൊണ്ടുപോയി തല്ലി. ജയ് ശ്രീറാം, വന്ദേമാതരം എന്നിവ വിളിക്കാൻ അവർ നിർബന്ധിച്ചു. അവർ എൻെറ മൊബൈൽ എടുത്തു. കത്തിയെടുത്ത് താടി മുറിച്ചു. മറ്റു മുസ്ലിംകൾ ആക്രമിക്കപ്പെടുന്നതിന്റെ ഒരു വീഡിയോ എനിക്ക് കാണിച്ചുതന്നു. ഇതിനുമുമ്പ് നിരവധി മുസ്ലിംകളെ കൊന്നതായി അവർ പറയുന്നുണ്ടായിരുന്നു''.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.