കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി വരച്ചവരെ തേടി പൊലീസ് അഹമ്മദാബാദിലേക്ക്. അഹമ്മദാബാദ് മെട്രോയിൽ ഗ്രാഫിറ്റി വരച്ചതിന് പിടിയിലായ നാല് ഇറ്റാലിയൻ സ്വദേശികളെ ചോദ്യം ചെയ്യാനാണ് പൊലീസ് പോകുന്നത്. ഇവർ തന്നെയാകും കൊച്ചി മെട്രോയിലും ഗ്രാഫിറ്റി വരച്ചതെന്നാണ് കരുതുന്നത്.
അഹമ്മദാബാദ് മെട്രോയുടെ ആദ്യഘട്ട ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് അപാരൽ മെട്രോ പാർക്ക് സ്റ്റേഷന്റെ ഉള്ളിൽ കടന്ന് ചിത്രം വരച്ചത്. റെയിൽവെ ഗൂൺസ് എന്ന സംഘമാണ് ചിത്രം വരച്ചതെന്നാണ് ഗുജറാത്ത് പൊലീസ് പറയുന്നത്. ഈ സംഘത്തിൽ പെട്ട നാല് ഇറ്റാലിയൻ സ്വദേശികളെയാണ് പിടികൂടിയതെന്നും പൊലീസ് പറഞ്ഞു.
പ്രധാനപ്പെട്ട പൊതുസ്ഥലങ്ങളിലും തന്ത്രപ്രധാന മേഖലകളിലും അതിക്രമിച്ചു കയറി ചിത്രങ്ങൾ വരക്കുന്ന 'ഗ്രാഫിറ്റി വാൻഡലിസം' ആഗോള തലത്തിൽ തന്നെയുള്ളതാണ്. അതിക്രമിച്ചു കയറി ഞെട്ടിക്കുന്ന വേഗതയിൽ ചിത്രങ്ങൾ വരച്ച് കടന്നു കളയുകയാണ് ഇത്തരം സംഘങ്ങൾ ചെയ്യുന്നത്.
കൊച്ചിക്ക് പുറമെ ജയ്പൂരിലും മുംബൈയിലും ഡൽഹിയിലും ഇതുപോലെ ഗ്രാഫിറ്റി വരച്ചിരുന്നു. ഇതിനെല്ലാം പിറകിൽ 'റെയിൽവെ ഗൂൺസ്' എന്ന സംഘമാണെന്നാണ് കരുതുന്നത്.
കഴിഞ്ഞ മേയിലാണ് കൊച്ചി മെട്രോയുടെ മുട്ടം യാഡിൽ 'ബേൺ സ്പ്ലാഷ്' എന്ന പെയിന്റ് ചെയ്തതായി കണ്ടത്. ആരാണ് ഇതിന് പിറകിലെന്ന് ഇതുവരെ കണ്ടെത്താനായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.