ഹിന്ദുസേന അടച്ചുപൂട്ടാൻ പറഞ്ഞ ചർച്ചിന് പൊലീസ് സംരക്ഷണം നൽകും

ന്യൂഡൽഹി: ഹിന്ദുസേന അടച്ചുപൂട്ടാൻ മുന്നറിയിപ്പ് നൽകിയ, ഡൽഹി അതിരൂപതക്കുകീഴിൽ പ്രവർത്തിക്കുന്ന ഹരിയാനയിലെ ചർച്ചിന് പൊലീസ് സംരക്ഷണം നൽകും. ഗുരുഗ്രാം ഖേഡ്കി ദൗല സെന്റ് ജോസഫ് വാസ് കാത്തലിക് മിഷൻ ചർച്ചിന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് പുരോഹിതർ ഗുരുഗ്രാം പൊലീസ് കമീഷണർക്ക് നൽകിയ അപേക്ഷയെത്തുടർന്നാണ് നടപടി.

ഈ മാസം നാലിന് ചർച്ചിൽ അതിക്രമിച്ചുവന്ന അക്രമികൾ കേടുപാടുകൾ വരുത്തിയതിനുപുറമെ തന്നെ കൈയേറ്റം ചെയ്തുവെന്നും പുരോഹിതനായ ഫാ. അമൽ രാജ് പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിൽ ബോധിപ്പിച്ചിരുന്നു. ഇത്തരം അക്രമങ്ങളിൽനിന്ന് ചർച്ചിനെ രക്ഷിക്കാൻ എല്ലാ ഞായറാഴ്ചയും രാവിലെ ഏഴുമണി മുതൽ 11 മണിവരെയുള്ള പ്രാർഥന സമയത്ത് പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്നാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നത്.

നിർഭയമായി ആരാധന നടത്താനുള്ള സ്വാതന്ത്ര്യത്തിന് പൊലീസിന്റെ പിന്തുണയും സഹകരണവും ആവശ്യമാണെന്നും അമൽരാജ് വ്യക്തമാക്കി. ഹരിയാന ഗുരുഗ്രാമിലെ ഖേഡ്കി ദൗലയിലെയും ഫാറൂഖ് നഗറിലെയും രണ്ട് ചർച്ചുകൾ ഹിന്ദുത്വ തീവ്രവാദികൾ അടച്ചുപൂട്ടാൻ ആവശ്യപ്പെട്ടുവെന്ന് ഡൽഹി അതിരൂപത പബ്ലിക്ക് റിലേഷൻസ് ഓഫിസർ ശശിധരൻ പറഞ്ഞിരുന്നു.

നാലിന് രാവിലെ 10 മണിയോടെ കാവി ഷാളണിഞ്ഞ് ഖേഡ്കി ദൗല സെന്റ് ജോസഫ് വാസ് കാത്തലിക് മിഷൻ ചർച്ചിലേക്ക് ത്രിശൂലങ്ങളും വാളുകളുമേന്തി വന്ന 25ഓളം വരുന്ന ഹിന്ദുസേനക്കാരാണ് പുരോഹിതനോടും വിശ്വാസികളോടും രണ്ടാഴ്ചക്കകം ചർച്ച് അടച്ചൂപൂട്ടണമെന്ന മുന്നറിയിപ്പ് നൽകിയത്. ഖേഡ്കി ദൗലയിൽ ഒരു ചർച്ചുപോലും അനുവദിക്കില്ലെന്നും ഹിന്ദുസേന വ്യക്തമാക്കി. അടിയേറ്റ ഫാ. അമൽ രാജിന് കേൾവിശക്തി കുറഞ്ഞു. 45ഓളം വരുന്ന സായുധ സംഘം വീണ്ടുമെത്തിയതിനെത്തുടർന്ന് സംഘർഷമൊഴിവാക്കാൻ പൊലീസ് ഒടുവിൽ പുരോഹിതന്മാരെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

ഗുരുഗ്രാമിലെ ഫാറൂഖ് നഗറിൽ 2020ൽ ഏഴ് കത്തോലിക്ക കുടുംബങ്ങൾ ചേർന്ന് സ്ഥാപിച്ച മറ്റൊരു ചർച്ച് ഒഴിപ്പിക്കാൻ അഞ്ച് ഗ്രാമമുഖ്യന്മാർ പൊലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുകയാണ്. തുടർന്ന് ചർച്ചുമായി ബന്ധപ്പെട്ടവരെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചപ്പോഴേക്കും ബജ്റങ്ദൾ, വിശ്വഹിന്ദു പരിഷത്ത്, ഗോരക്ഷാ സേന തുടങ്ങിയ സംഘടനകളുടെ പ്രവർത്തകരായ 300ഓളം പേർ സംഘടിച്ചെത്തി. പൊലീസ് ആവശ്യപ്പെട്ടതുപ്രകാരം ചർച്ചിന്റെ ഭൂമിയുടെ രേഖകൾ സമർപ്പിച്ചുവെങ്കിലും അവിടെയും ചർച്ച് അനുവദിക്കില്ലെന്ന നിലപാടിലാണ് ഹിന്ദുത്വ തീവ്രവാദികൾ.

Tags:    
News Summary - Police will provide protection to the church that Hindusena told to close

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.