ഛത്തിസ്ഗഢിൽ ചൊവ്വാഴ്ച ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത് പ്രധാനമായും നക്സൽ സ്വാധീന മേഖലകളിൽ. സുക്മ, ദന്തേവാഡ, ബിജാപുർ, നാരായൺപുർ ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ മേഖലയിലെ 12 മണ്ഡലങ്ങളും നക്സൽ സ്വാധീന പ്രദേശങ്ങളാണ്. മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രമൺസിങ് മത്സരിക്കുന്ന രാജ്നന്ദ്ഗാവ്, നിയമമന്ത്രിയും ഏക മുസ്ലിം സ്ഥാനാർഥിയുമായ മുഹമ്മദ് അക്ബർ മത്സരിക്കുന്ന കവധ എന്നിവ ഉൾപ്പെടുന്നതാണ് ബാക്കി എട്ട് മണ്ഡലങ്ങൾ.
2018ൽ ഭരണത്തിലേറാൻ കോൺഗ്രസിന് ബസ്തർ മേഖലയിൽനിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. ഭൂരിപക്ഷം ആദിവാസികളുള്ള മണ്ഡലത്തിൽ 12ൽ 11 സീറ്റും കോൺഗ്രസിന് നേടാനായി. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ നഷ്ടമായ സീറ്റും തിരിച്ചുപിടിച്ച് കോൺഗ്രസ് ബസ്തർ തൂത്തുവാരി. ബസ്തറിന് പുറമെയുള്ള എട്ട് മണ്ഡലങ്ങളിൽ ഏഴും കോൺഗ്രസിന് തന്നെയാണ് ലഭിച്ചത്.
ഇക്കുറി ബസ്തറിലെ 12ൽ എട്ടു സീറ്റുകളിൽ കോൺഗ്രസിന് ഉറച്ച വിജയ പ്രതീക്ഷയുണ്ട്. ദന്തേവാഡ, അനന്ത്ഗഡ്, നാരായൺപുർ, കാങ്കർ മണ്ഡലങ്ങളിലാണ് വിജയ സാധ്യതക്കുറവ് കൽപ്പിക്കുന്നത്. ദന്തേവാഡയിലും കാങ്കറിലും അനന്ത്ഗഡിലും വിജയപ്രതീക്ഷക്ക് മങ്ങലേൽപിക്കുന്നത് പാർട്ടിക്കുള്ളിലെ ഉൾപ്പോരാണ്. ആദിവാസി മതപരിവർത്തനവുമായി ബന്ധപ്പെട്ട വർഗീയ പ്രചാരണം ബി.ജെ.പി മുതലെടുക്കുന്നതും മതപരിവർത്തിത ആദിവാസിയെ സി.പി.ഐ സ്ഥാനാർഥിയാക്കിയതുമാണ് നാരയൺപുരിലുണ്ടായ പ്രതിസന്ധി.
മന്ത്രി കവാസി ലക്മ മത്സരിക്കുന്ന സുകുമയിൽ കോൺഗ്രസ്, ബി.ജെ.പി, സി.പി.ഐ ത്രികോണ മത്സരമാണ് നടക്കുന്നതെങ്കിലും കോൺഗ്രിനാണ് മുൻതൂക്കം.
ബസ്തറിന് പുറത്തുള്ള എട്ടു സീറ്റുകളിൽ രമൺസിങ് മത്സരിക്കുന്ന രാജ്നന്ദ്ഗാവിൽ കടുത്ത മത്സരമാണെങ്കിലും ബി.ജെ.പിക്കാണ് മുൻതൂക്കം. മുഹമ്മദ് അക്ബർ മത്സരിക്കുന്ന 95 ശതമാനം ഹിന്ദു ജനസംഖ്യയുള്ള കവധയിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവരെത്തി വർഗീയത ആളിക്കത്തിച്ചിട്ടുണ്ട്. എങ്കിലും അക്ബറിന്റെ ജനകീയതയിൽ വിജയിച്ച് കയറാനാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മേഖലകളിൽ 2018ൽ അജിത് ജോഗിയുടെ ജെ.സി.സിയും സി.പി.ഐയും കോൺഗ്രസിന് വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ജോഗിയുടെ മരണത്തെത്തുടർന്നുണ്ടായ ജെ.സി.സിയുടെ തളർച്ചയും ചിഹ്നം കിട്ടാതെ തെരഞ്ഞെടുപ്പ് ചിത്രത്തിൽനിന്ന് സി.പി.ഐ പുറത്തായതും കോൺഗ്രസിന്റെ സാധ്യത ഉയർത്തുന്നു. ആദിവാസി വിഭാഗത്തിൽനിന്ന് ഒന്നിലധികം പാർട്ടികൾ മത്സരരംഗത്തുണ്ട്. ഇത് തങ്ങൾക്ക് നേട്ടമാകുമെന്നാണ് ബി.ജെ.പി വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.