രാജ്യത്തെ ആദ്യ ദലിത് കർദിനാളായി ഡോ. ആന്തണി പൂല

വത്തിക്കാൻ സിറ്റി: ഇന്ത്യയിലെ ആദ്യ ദലിത് കർദിനാളായി ഹൈദരാബാദ് രൂപത ആർച്ബിഷപ്പ് ഡോ. ആന്തണി പൂല. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ വെച്ചായിരുന്നു സ്ഥാനാരോഹണം. 2022 മേയിലാണ് പോപ് ഫ്രാൻസിസ്, ആന്തണി പൂലയെ(60) കർദിനാളായി തെരഞ്ഞെടുത്തത്. ആകെ 20 പേരെയാണ് ഫ്രാൻസിസ് മാർപാപ്പ കർദിനാൾമാരായി സ്ഥാനാരോഹണം നടത്തിയത്.

കത്തോലിക്ക സഭയുടെ ചരിത്രത്തിൽ തെലുഗു ദേശത്തിൽ നിന്ന് തന്നെ ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് ഡോ. ആന്തണി പൂല. പോപ് എന്ന പദവിക്ക് ശേഷം ഉള്ള ഉയർന്ന പദവിയാണ് കർദിനാൾ.

ഇതോടെ വത്തിക്കാനിൽ സ്ഥാനാരോഹണം ചെയ്യപ്പെട്ട ഇന്ത്യക്കാരായ കർദിനാളുകൾ ആറ് പേരായി. ആന്തണി പൂലയോടൊപ്പം ഗോവയിൽ നിന്ന് ഫിലിപ്പ് നേരിയും ഇത്തവണ കർദിനാൾ പദവി സ്വീകരിച്ചു.

1951 നവംബർ 15ന് ആന്ധ്ര പ്രദേശിലെ കുർണൂൽ ജില്ലയിലാണ് ആന്തണിയുടെ ജനനം. 1992ൽ പുരോഹിതനായാണ് ആന്തണി പൂല പ്രവർത്തനം തുടങ്ങിയത്. 2008ൽ കുർണൂൽ ബിഷപ് ആകുകയും 2020ൽ ഹൈദരബാദ് ആർച്ബിഷപ്പ് ആയി പട്ടം നൽകുകയുമായിരുന്നു.

ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിൽ പങ്കെടുക്കാൻ യോഗ്യതയുള്ള 80 വയസ്സിൽ താഴെയുള്ളവരാണ് കർദിനാൾമാരായതിൽ 16 പേരും. പുതിയ 20 പേർ കൂടി വന്നതോടെ ലോകമാകെ കർദിനാൾമാരുടെ എണ്ണം 229 ആകും. ഇതിൽ 132 പേർക്കാണ് വോട്ടവകാശം. പുതിയ കർദിനാൾമാരുടെ വരവോടെ മംഗോളിയ, പാരഗ്വായ്, കിഴക്കൻ തൈമൂർ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾക്കും പ്രാതിനിധ്യം ലഭിച്ചു.

Tags:    
News Summary - Pope appoints India’s first Dalit Christian cardinal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.