ബിഹാറിൽ വീണ്ടും നിർമാണത്തിലിരിക്കുന്ന പാലം തകർന്നു

പട്ന: ബീഹാറിലെ പട്‌ന ജില്ലയിൽ നിർമാണത്തിലിരിക്കുന്ന പാലത്തി​ന്‍റെ ഒരു ഭാഗം തകർന്നുവീണു. ഞായറാഴ്ച രാത്രി നടന്ന അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സമീപകാലത്ത് ബിഹാറിലെ പല ജില്ലകളിലും ഡസനിലധികം പാലങ്ങളും ​ക്രോസ്‌വേകളും തകർന്നതി​ന്‍റെ പശ്ചാത്തലത്തിലാണ് പുതിയ സംഭവം. ബിഹാർ സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡി​ന്‍റെ മേൽനോട്ടത്തിലാണ് ബക്തിയാർപൂർ-താജ്പൂർ ഗംഗാ മഹാസേതു പാലം പണിയുന്നത്. ഇതി​ന്‍റെ ഗർഡറുകളുടെ ബെയറിംഗുകൾ മാറ്റിസ്ഥാപിക്കുന്നതിനിടെയാണ് സംഭവം. തൂണുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെ അതിലൊന്ന് തകരുകയായിരുന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നടന്നുകൊണ്ടിരിക്കുന്ന ജോലികൾ പരിശോധിക്കുകയാണെന്നും ഡെവലപ്മെന്‍റ് കോർപറേഷ​ന്‍റെ ചീഫ് ജനറൽ മാനേജർ പ്രബിൻ ചന്ദ്ര ഗുപ്ത പറഞ്ഞു.

കുറേ വർഷങ്ങളായി പാലം നിർമാണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 2011 ജൂണിലാണ് 5.57 കിലോമീറ്റർ ദൈർഘ്യമുള്ള ഭക്തിയാർപൂർ-താജ്പൂർ ഗംഗാ മഹാസേതുവി​ന്‍റെ നിർമാണത്തിന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തറക്കല്ലിട്ടത്. 1,602.74 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. സമസ്തിപൂരിലെ എൻ.എച്ച് 28നെയും പട്നയിലെ എൻ.എച്ച് 31നെയും ബന്ധിപ്പിക്കുന്നതാണ് പാലം.

പട്‌നയിലെ മഹാത്മാഗാന്ധി സേതുവിലെയും മൊകാമയിലെ രാജേന്ദ്ര സേതുവിലെയും ഗതാഗതക്കുരുക്ക് കുറക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പൂർത്തിയാകുമ്പോൾ വടക്കും തെക്കും ബിഹാറിനുമിടയിലുള്ള മറ്റൊരു സുപ്രധാന റോഡ് ലിങ്ക് കൂടിയാണിത്.

Tags:    
News Summary - Portion of under-construction bridge collapses in Patna district in Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.