ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) അമിതാധികാരം നൽകിയ അനധികൃത പണമിടപാട് തടയൽ നിയമ(പി.എം.എൽ.എ)ത്തിലെ വിവാദവ്യവസ്ഥകൾ പുനഃപരിശോധിക്കുന്നത് രാജ്യതാൽപര്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. രാജ്യതാൽപര്യത്തിന് വിരുദ്ധമാണെന്ന വാദമുയർത്തി ഇ.ഡിയുടെ അമിതാധികാര വ്യവസ്ഥകൾ പുനഃപരിശോധിക്കുന്നത് തടയാനുള്ള കേന്ദ്ര സർക്കാർ നീക്കം തള്ളിയാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ശക്തമായ നിലപാടെടുത്തത്. പി.എം.എൽ.എയുമായി ബന്ധപ്പെട്ട നിലവിലുള്ള ചില പ്രക്രിയകൾ പൂർത്തിയാക്കാൻ രണ്ട് മാസമെങ്കിലും കാത്തിരിക്കണമെന്ന കേന്ദ്രത്തിന്റെ അപേക്ഷയും സുപ്രീംകോടതി അംഗീകരിച്ചില്ല. നവംബർ 22ന് പുനഃപരിശോധന ഹരജികളിൽ വാദം തുടങ്ങുമെന്ന് സുപ്രീംകോടതി അറിയിച്ചു.
കഴിഞ്ഞ വർഷം ജസ്റ്റിസ് എ.എം. ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിവാദ വിധി പുനഃപരിശോധിക്കുന്നത് തടസ്സപ്പെടുത്താൻ സോളിസിറ്റർ ജനറൽ (എസ്.ജി) ഇടപെട്ട രീതിയും ഉപയോഗിച്ച ഭാഷയും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനത്തിനിടയാക്കി. പുനഃപരിശോധന സംബന്ധിച്ച് ആപത് സൂചന നൽകുകയാണെന്ന കേന്ദ്രത്തിന്റെ മുന്നറിയിപ്പിനോട് ആപത് സൂ ചന എന്ന വാക്ക് വേണ്ടെന്നും ജാഗ്രത മതിയെന്നും സുപ്രീംകോടതി പറഞ്ഞു.
പി.എം.എൽ.എ നിയമത്തിലെ എല്ലാ വകുപ്പുകളും സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് അംഗീകരിച്ച സ്ഥിതിക്ക് മൂന്നംഗ ബെഞ്ചിന് പുനഃപരിശോധിക്കാനാവില്ല എന്നായിരുന്നു എസ്.ജിയുടെ ആദ്യ തടസ്സവാദം. മൂന്നംഗ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്ത് വരാൻ പറ്റില്ലെന്നാണോ പറയുന്നത് എന്ന് കോടതി എസ്.ജിയോട് തിരിച്ചു ചോദിച്ചു. ഒരു വിധി ആർക്കെങ്കിലും നല്ലതല്ലെന്ന് തോന്നി അതിനെതിരെ വന്നാൽ കോടതി അംഗീകരിക്കുമോ എന്ന് എസ്.ജി ചോദിച്ചപ്പോൾ അംഗീകരിക്കുമെന്നായിരുന്നു കോടതിയുടെ മറുപടി. തങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ് വിധിയെന്ന് ഒരു വിഭാഗത്തിന് തോന്നിയാൽ അവർ കോടതിയിൽ വരും. അങ്ങനെ ആരെങ്കിലും വന്നാൽ അവരെ തടസ്സപ്പെടുത്തരുതെന്ന് കോടതി പറഞ്ഞു.
ഇ.ഡിക്ക് അമിതാധികാരം നൽകിയ വ്യവസ്ഥകൾ ആഗോള തലത്തിലുള്ള ‘ഫിനാൻഷ്യൽ ആക്ഷൻ ടാക്സ് ഫോഴ്സി’നോടുള്ള പ്രതിബദ്ധത തെളിയിക്കാനുണ്ടാക്കിയതാണെന്നും രാജ്യം കൈക്കൊണ്ട നടപടികൾ അതിലെ ഏഴ് അംഗരാജ്യങ്ങൾ വന്ന് മൂല്യനിർണയം നടത്തി ഗ്രേഡ് തിരിക്കാറുണ്ടെന്നും അതിനാൽ പുനഃപരിശോധിക്കാനാവില്ലെന്നുമായിരുന്നു രണ്ടാമത്തെ തടസ്സവാദം. അന്തർദേശീയ ധനസഹായം കിട്ടാൻ ഗ്രേഡ് ആവശ്യമാണെന്നും അതിന് നിയമഭേദഗതികൾ നിലനിൽക്കണമെന്നും എസ്.ജി വാദിച്ചു. ഈ പുനഃപരിശോധന രാജ്യതാൽപര്യത്തിനാണെന്ന് കോടതി വ്യക്തമാക്കി. പുനഃപരിശോധന സംബന്ധിച്ച് തങ്ങളുടെ നിലപാട് കേന്ദ്ര സർക്കാർ ഊഹിക്കുന്നത് എന്തിനാണെന്നും സുപ്രീംകോടതി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.