പ്രജ്ഞാ സിങ് താക്കൂർ ഒടുവിൽ കോടതിയിൽ ഹാജരായി, ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണെന്ന് പ്രജ്ഞ

മുംബൈ: ബി.ജെ.പി എം.പിയും 2008ലെ മാലെഗാവ് സ്ഫോടന കേസിലെ പ്രതിയുമായ പ്രജ്ഞാ താക്കൂർ ഒടുവിൽ കോടതിക്ക് മുന്നിൽ ഹാജരായി. മുംബൈയിലെ പ്രത്യേക എൻ.ഐ.എ കോടതിക്ക് മുൻപാകെയാണ് ഹാജരായത്. കോടതിയിൽ ഹാജരായ പ്രജ്ഞ സിങ് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

കോകിലാബെൻ ആശുപത്രിയിൽ പോകണമെന്നാണ് കോടതിയോട് പ്രജ്ഞ പറഞ്ഞത്.

നിലവിലെ ആരോഗ്യ സ്ഥിതി തൃപ്തികരമാണോ എന്ന് ആരാഞ്ഞ കോടതിയോട് വിമാനത്താവളത്തിൽ നിന്നും വരുന്ന വഴിയാണെന്നും കോടതിയിൽ നിന്നും ആശുപത്രിയിലേക്ക് പോകുമെന്നും അഭിഭാഷകൻ മറുപടി നൽകി.  എത്ര നാൾ ചികിത്സയിൽ കഴിയേണ്ടി വരുമെന്ന് ഡോക്ടർമാർ തീരുമാനിക്കട്ടെയെന്നും അവർ പറഞ്ഞു.

ആവശ്യപ്പെടുമ്പോൾ കോടതിയിൽ ഹാജരാകണമെന്നും അഭിഭാഷകൻറെ പക്കൽ നിന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കണമെന്നും കോടതി പ്രജ്ഞയോട് ആവശ്യപ്പെട്ടു.

മലെഗാവ് സ്ഫോടനക്കേസിൽ ജയിലിൽ കഴിയുകയായിരുന്ന പ്രജ്ഞ സിങ്ങിന്‍റെ ആരോഗ്യസ്ഥിതി വഷളാണെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്. മലെഗാവ് കേസിൽ എട്ട് വർഷത്തോളമായി ജയിലിൽ കഴിയുകയായിരുന്നു പ്രജ്ഞ. ജനുവരിയിൽ തന്നെ കോടതിയിൽ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ആരോഗ്യ സ്ഥിതി മോശമാണെന്ന് പറഞ്ഞ് ജാമ്യം നേടിയതിനുശേഷം ബാസ്ക്കറ്റ് ബോളും കബഡിയും കളിക്കുകയും നൃത്തം ചെയ്യുന്നതും ആയ പ്രജ്ഞയുടെ വിഡിയോകൾ പ്രചരിച്ചിരുന്നു. തന്‍റെ വീട്ടിലേക്ക് ആരോഗ്യപ്രവർത്തകരെ വിളിച്ചുവരുത്തി വാക്സിനേഷൻ എടുപ്പിച്ചതും ചർച്ചയായിരുന്നു. 

Tags:    
News Summary - Pragya Thakur In Court At Last, But Says "Have To Be Hospitalised"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.