മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ നിറംമങ്ങി പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡി (വി.ബി.എ). വി.ബി.എ ഒറ്റക്ക് മത്സരിക്കുന്നത് കോൺഗ്രസ്, ഉദ്ധവ് പക്ഷ ശിവസേന, ശരദ് പവാർ പക്ഷ എൻ.സി.പി സഖ്യത്തെ (എം.വി.എ) സാരമായി ബാധിക്കുമെന്ന ആശങ്ക പൂർണാർഥത്തിൽ യാഥാർഥ്യമായിട്ടില്ല എങ്കിലും നാലു സീറ്റുകളിൽ പരാജയകാരണമായി. എം.വി.എ പരാജയപ്പെട്ട നാലു സീറ്റുകളിൽ ജയിച്ച സ്ഥാനാർഥികളുടെ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടുകൾ വി.ബി.എ നേടിയിട്ടുണ്ട്.
അകോലയിൽ പ്രകാശ് അംബേദ്കർ 2.76 ലക്ഷത്തിലേറെ വോട്ടുനേടി മൂന്നാം സ്ഥാനത്താണ്. ഇവിടെ 40,626 വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർഥി ബി.ജെ.പിയോട് തോറ്റത്. മുംബൈ നോർത്ത് വെസ്റ്റിൽ ഉദ്ധവ് പക്ഷ സ്ഥാനാർഥി തോറ്റത് വെറും 48 വോട്ടിനാണ്. ഇവിടെ വി.ബി.എ 10,000ത്തിലേറെ വോട്ട് പിടിച്ചിട്ടുണ്ട്. വി.ബി.എ വോട്ട് ഭിന്നിപ്പിച്ചതുകാരണം ഒരുസീറ്റിൽ കോൺഗ്രസും മൂന്നിൽ ഉദ്ധവ് പക്ഷവുമാണ് തോറ്റത്.
അതേസമയം, 2019ൽ നേടിയതിൽ പകുതിയിലേറെ വോട്ടുകൾ ഇത്തവണ വി.ബി.എക്ക് നഷ്ടമായി. 41.32 ലക്ഷത്തിലേറെയാണ് കഴിഞ്ഞ തവണ വി.ബി.എ നേടിയത്. കോൺഗ്രസ് സഖ്യത്തിന് അന്ന് എട്ടിലേറെ സീറ്റുകൾ വി.ബി.എ കാരണം നഷ്ടപ്പെട്ടിരുന്നു. ഇത്തവണ 14.15 ലക്ഷം വോട്ടുകളാണ് വി.ബി.എക്ക് കിട്ടിയത്. 2014ലും 2019ലും കൈവിട്ട മുസ്ലിം, ദലിത് വോട്ടുകൾ ഇത്തവണ കോൺഗ്രസിൽ തിരിച്ചെത്തി. 13 സീറ്റുകളാണ് ഇത്തവണ കോൺഗ്രസ് നേടിയത്. സാൻഗ്ളിയിൽ സ്വതന്ത്രനായി ജയിച്ച വിശാൽ പാട്ടീൽ കോൺഗ്രസിൽ തിരിച്ചെത്തും. ഇതോടെ പാർട്ടിയുടെ സീറ്റ് 14 ആകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.