ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടർന്ന് പ്രകാശ് കാരാട്ടിന് പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും ഏകോപന ചുമതല. അടുത്ത വർഷം ഏപ്രിലിൽ തമിഴ്നാട്ടിലെ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് വരെയാണ് പുതിയ ക്രമീകരണം. വെള്ളി, ശനി ദിവസങ്ങളിലായി നടന്ന പോളിറ്റ് ബ്യൂറോ തീരുമാനത്തിന് കേന്ദ്ര കമ്മിറ്റി അംഗീകാരം നൽകി.
പാർട്ടി കോൺഗ്രസിനാവശ്യമായ സംഘടന തയാറെടുപ്പുകളും പാർട്ടിയുടെ ദൈനംദിന പ്രവർത്തങ്ങളും പോളിറ്റ് ബ്യൂറോ അംഗങ്ങൾ കൂട്ടായി നിർവഹിക്കും. മുതിർന്ന പോളിറ്റ് ബ്യൂറോ അംഗമായ പ്രകാശ് കാരാട്ട് 2005 മുതൽ 2015 വരെ ജനറൽ സെക്രട്ടറി പദവി വഹിച്ചിരുന്നു. പ്രകാശ് കാരാട്ടിനു പിൻഗാമിയായാണ് സീതാറാം യെച്ചൂരി സി.പി.എം ജനറൽ സെക്രട്ടറിയാകുന്നത്.
പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയം, സംഘടന രേഖ എന്നിവ സംബന്ധിച്ച പ്രാരംഭ ചർച്ചകൾ കേന്ദ്ര കമ്മിറ്റിയിൽ നടന്നു. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംഘടന സമ്മേളനങ്ങൾ നടന്നുവരുകയാണ്. ബ്രാഞ്ച് സമ്മേളനങ്ങൾക്ക് സെപ്റ്റംബർ മാസത്തിൽ തുടക്കമായി. ഒക്ടോബറിൽ ലോക്കൽ സമ്മേളനങ്ങളും നവംബറിൽ ഏരിയ സമ്മേളനങ്ങളും പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.