രാഹുലിന് മാനസിക സമനില നഷ്ടപ്പെട്ടു...; വിമർശനവുമായി ബി.ജെ.പി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് ബി.ജെ.പി. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ മണിപ്പൂർ സംഘർഷത്തിൽ ചർച്ചക്ക് തയാറാവില്ലെന്നാണ് പ്രതിപക്ഷം കരുതിയതെന്നും രാഹുലിന് മാനസിക സമനില നഷ്ടപ്പെട്ടെന്നും കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പരിഹസിച്ചു. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ രൂക്ഷമായി വിമർശിച്ചിരുന്നു.

ലോക്സഭയിൽ മണിപ്പൂർ കലാപം ചർച്ച ചെയ്യുമ്പോൾ തമാശ പറഞ്ഞ് ചിരിക്കുകയാണ് മോദി ചെയ്തതെന്ന് രാഹുൽ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പാർലമെന്റിൽ രണ്ട് മണിക്കൂർ 13 മിനിറ്റ് സമയം സംസാരിച്ചു. പ്രസംഗത്തിന്റെ അവസാനം രണ്ട് മിനിറ്റ് മാത്രമാണ് അദ്ദേഹം മണിപ്പൂരിനെ കുറിച്ച് സംസാരിച്ചത്. മാസങ്ങളായി മണിപ്പൂർ കത്തുകയാണ്. ആളുകൾ കൊല്ലപ്പെടുകയും സ്ത്രീകൾ ബലാത്സംഗത്തിനിരയാക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ, തമാശകൾ പറഞ്ഞ് ചിരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പിന്നാലെയാണ് പ്രഹ്ലാദ് ജോഷി മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. ‘രാഹുൽ ഗാന്ധിയുടെ മാനസിക സമനില നഷ്ടപ്പെട്ടതായി ഞാൻ കരുതുന്നു, അങ്ങനെയാണ് മനസ്സിലാകുന്നത്...അദ്ദേഹം പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം കേട്ടില്ല. അദ്ദേഹം സഭയിൽ വന്നില്ല... ഗ്രാൻഡ് ഓൾഡ് പാർട്ടിയായ കോൺഗ്രസ് നിരുത്തരവാദപരമായി പെരുമാറുന്നത് വളരെ നിർഭാഗ്യകരമാണ് -പ്രഹ്ലാദ് ജോഷി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയുടെ പ്രസംഗം ഇന്ത്യയെ കുറിച്ചായിരുന്നില്ല. അത് മോദിയെ കുറിച്ച് മാത്രമായിരുന്നു. തന്റെ ആശയങ്ങളും രാഷ്ട്രീയവും ആഗ്രഹങ്ങളുമാണ് അദ്ദേഹം അവിടെ പങ്കുവെച്ചത്. മോദി 2024ൽ വീണ്ടും പ്രധാനമന്ത്രിയാകുമോയെന്നതല്ല പ്രശ്നം. മണിപ്പൂരാണ് ഇപ്പോൾ ഇവിടെ ചർച്ച ചെയ്യേണ്ടതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Pralhad Joshi on Cong Leader's Remarks Against Centre Over Manipur Crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.