ന്യൂഡൽഹി: കോൺഗ്രസിനെ നയിക്കാനുള്ള രാഹുൽ ഗാന്ധിയുടെ കഴിവിനെ അന്തരിച്ച മുതിർന്ന നേതാവും മുൻ രാഷ്ട്രപതിയുമായ പ്രണബ് മുഖർജി ചോദ്യം ചെയ്തിരുന്നതായി വെളിപ്പെടുത്തൽ. അതോടൊപ്പം ഇടക്കിടെ അപ്രത്യക്ഷനാകുന്ന രാഹുലിന്റെ സ്വഭാവത്തിൽ പ്രണബ് നിരാശനായിരുന്നു. പ്രണബ് മുഖർജിയെ കുറിച്ച് മകൾ ശർമിഷ്ഠ എഴുതിയ 'പ്രണബ് മൈ ഫാദർ' എന്ന പുസ്തകത്തിലാണ് ഈ വിവരം. രാഹുൽ ഗാന്ധിയെ കുറിച്ചും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള പിതാവിന്റെ ബന്ധത്തെ കുറിച്ചും വിമർശനാത്കമായി വിലയിരുത്തുന്നുണ്ട് പുസ്തകത്തിൽ.
''ഒരു ദിവസം രാവിലെ മുഗൾ ഗാർഡൻസിൽ(ഇപ്പോൾ അമൃത് ഉദ്യാൻ) പതിവു പ്രഭാതനടത്തത്തിലായിരുന്നു പിതാവ്. അപ്പോൾ രാഹുൽ ഗാന്ധി അദ്ദേഹത്തെ കാണാൻ വന്നു. പ്രഭാത നടത്തത്തിനും പൂജക്കുമിടെ ആരും തടസ്സപ്പെടുത്തുന്നത് പിതാവിന് ഇഷ്ടമായിരുന്നില്ല. എന്നാലും രാഹുലിനെ കാണാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. രാഹുൽ സത്യത്തിൽ പിതാവിനെ കാണാൻ തീരുമാനിച്ചത് അന്ന് വൈകുന്നേരമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഓഫിസ് കൂടിക്കാഴ്ച രാവിലെയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അതറിഞ്ഞപ്പോൾ പിതാവ് പരിഹസിച്ചു. രാഹുലിന്റെ ഓഫിസിന് എ.എമ്മും പി.എമ്മും തിരിച്ചറിയാൻ സാധിക്കുന്നില്ലെങ്കിൽ, ഒരു ദിവസം പി.എം.ഒയിൽ പ്രവർത്തിക്കേണ്ടി വന്നാൽ എങ്ങനെയാണ് സാധിക്കുക.''-പുസ്തകത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്.
സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചിന്തകളും ആശയങ്ങളും ഉൾക്കൊള്ളുന്ന പ്രണബ് മുഖർജിയുടെ ഡയറിയുടെ പേജുകൾ പുസ്തകത്തിലുണ്ട്. 2020ലാണ് അദ്ദേഹം അന്തരിച്ചത്. മൂന്നുപതിറ്റാണ്ട് നീണ്ടുനിന്ന കരിയറിൽ അദ്ദേഹം പല സ്ഥാനമാനങ്ങളും അലങ്കരിച്ചു. രാഹുൽ ഗാന്ധി അമേഠിയിൽ നിന്നുള്ള എം.പിയായി രാഷ്ട്രീയത്തിൽ ഹരിശ്രീ കുറിച്ച അവസരത്തിൽ യു.പി.എ സർക്കാരിൽ ധന,പ്രതിരോധ മന്ത്രിയായിരുന്നു പ്രണബ് മുഖർജി.
രാഹുൽ ഗാന്ധിയെ കുറിച്ച് പ്രണബ് ആശ്ചര്യപ്പെട്ട ഒരു സംഭവവവും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പിലാണ് ഇതെ കുറിച്ച് സൂചിപ്പിക്കുന്നത്. 2014 ഡിസംബർ 28ന് പാർട്ടിയുടെ 130ാം സ്ഥാപക ദിനത്തിൽ എ.ഐ.സി.സിയിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിൽ രാഹുൽ ഗാന്ധി ഇല്ലായിരുന്നു. പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ട് കഷ്ടിച്ച് ആറ് മാസത്തിന് ശേഷമായിരുന്നു ഈ പരിപാടി. ''രാഹുൽ എ.ഐ.സി.സി ചടങ്ങിൽ ഉണ്ടായിരുന്നില്ല. അതിനു കാരണം എനിക്കറിയില്ല. അത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന് എല്ലാ സ്ഥാനമാനങ്ങളും എളുപ്പത്തിൽ ലഭിച്ചതാണ്. അതിനാൽ അദ്ദേഹം അത് വിലമതിക്കുന്നുമില്ല. മകനെ തന്റെ പിൻഗാമിയാക്കാനാണ് സോണിയാജി ശ്രമിക്കുന്നത്. എന്നാൽ ആ യുവാവിന് രാഷ്ട്രീയ ധാരണയും പക്വതയുമില്ലാത്തത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അയാൾക്ക് കോൺഗ്രസിനെ പുഃനരുജ്ജീവിപ്പിക്കാൻ സാധിക്കുമോ? ആളുകളെ പ്രചോദിപ്പിക്കാൻ കഴിയുമോ? എനിക്കറിയില്ല.''-എന്നാണ് പ്രണബ് മുഖർജി എഴുതിയിട്ടുള്ളത്.
വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഒരിക്കലും അവധിയെടുക്കാത്ത വ്യക്തിയായിരുന്നു പ്രണബ് മുഖർജി. എല്ലാ പരിപാടികളിലും ഉൽസാഹത്തോടെ പങ്കെടുക്കുമായിരുന്നു. പാർട്ടിയുടെ നിർണായക ഘട്ടങ്ങളിൽ രാഹുൽ അപ്രത്യക്ഷമാകുന്നതിൽ അദ്ദേഹം വലിയ നിരാശനായിരുന്നു.
എന്നാൽ, ഒരു കാലത്ത് രാഹുലിനെ വിമർശിച്ച പ്രണബ് മുഖർജി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ തീർച്ചയായും രാഹുലിനെ അഭിനന്ദിക്കുമായിരുന്നുവെന്നും ശർമിഷ്ഠ പുസ്തകത്തിൽ പറയുന്നുണ്ട്. രാഹുലിന്റെ അർപ്പണബോധവും നിശ്ചയദാർഢ്യവും ഭാരത് ജോഡോ യാത്രയും അദ്ദേഹം ശ്ലാഘിക്കുമായിരുന്നു. മതാന്ധതയ്‌ക്കെതിരായ രാഷ്ട്രീയ ആഖ്യാനത്തിന്റെ ഏറ്റവും വിശ്വസനീയമായ മുഖമായാണ് രാഹുലിനെ ഇന്ന് ഉയർത്തിക്കാട്ടുന്നതെന്നും പുസ്തകത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.