ബംഗളൂരു: പ്രവാസികള്‍ തങ്ങള്‍ വസിക്കുന്ന രാജ്യത്ത് ഇന്ത്യന്‍ സംസ്കാരവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കുന്ന സാംസ്കാരിക അംബാസഡര്‍മാരായി പ്രവര്‍ത്തിക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. 14ാമത് പ്രവാസി ഭാരതീയ ദിവസ് സംഗമത്തിന്‍െറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചുവടുറപ്പിച്ച മേഖലകളിലെല്ലാം രാജ്യത്തിന്‍െറ അഭിമാനം ഉയര്‍ത്തിപ്പിടിക്കുംവിധമാണ് പ്രവാസികള്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇന്ത്യന്‍ വംശജന്‍ പോര്‍ചുഗലിന്‍െറ പ്രധാനമന്ത്രിപദം വരെ എത്തി. പ്രവാസികളുടെ ആത്മവിശ്വാസം ഉയര്‍ത്താനുള്ള നടപടികളാണ് ആവശ്യം. വിവിധ മതസ്ഥര്‍ ഒരുമയോടെ കഴിയുന്ന രാജ്യമാണ് ഇന്ത്യ. ആ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസി ഭാരതീയ ദിവസിനോട് അനുബന്ധിച്ച് 30 പേര്‍ക്ക് പ്രഖ്യാപിച്ച പുരസ്കാരം രാഷ്ട്രപതി വിതരണം ചെയ്തു. ഇന്ത്യന്‍ വംശജനായ പോര്‍ചുഗീസ് പ്രധാനമന്ത്രി അന്‍േറാണിയോ ലൂയിസ് സാന്‍േറാസ് ഡാ കോസ്റ്റയാണ് ആദ്യം പുരസ്കാരം ഏറ്റുവാങ്ങിയത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ, കേന്ദ്ര മന്ത്രിമാരായ സദാനന്ദ ഗൗഡ, അനന്തകുമാര്‍, വി.കെ. സിങ് തുടങ്ങിയവരും സമാപന ചടങ്ങില്‍ പങ്കെടുത്തു. പുരസ്കാര ജേതാക്കള്‍ക്കുവേണ്ടി അമേരിക്കയിലെ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് അസി. സെക്രട്ടറി നിഷ ദേശായ് ബിസ്വാള്‍ നന്ദി പറഞ്ഞു.
ബംഗളൂരു ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ മൂന്ന് ദിവസമായി നടന്ന സംഗമത്തില്‍ പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരും സംബന്ധിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സംഗമമായ പ്രവാസി ഭാരതീയ ദിവസ് രണ്ടുവര്‍ഷത്തിലൊരിക്കലാക്കിയതിന് ശേഷമുള്ള ആദ്യ സംഗമത്തില്‍ 7200 പേര്‍ പ്രതിനിധികളായി എത്തി. 72 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തതായി വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.