രാഷ്ട്രീയ പാർട്ടികൾക്ക് തന്ത്രങ്ങൾ പറഞ്ഞു കൊടുക്കുന്നതിന് ഫീസായി വാങ്ങുന്നത് 100 കോടി; വെളിപ്പെടുത്തി പ്രശാന്ത് കിഷോർ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾക്ക് ഉപദേശം നൽകുന്നതിന് 100 കോടി രൂപയാണ് ഫീസായി വാങ്ങുന്നതെന്ന് തെരഞ്ഞെടുപ്പ് തന്ത്ര​ജ്ഞനും ജൻ സുരാജ് പാർട്ടിയുടെ കൺവീനറുമായ പ്രശാന്ത് കിഷോർ. ബിഹാറിലെ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബെലഗഞ്ചിലെ പൊതുപരിപാടിക്കിടെയാണ് പ്രശാന്ത് കിഷോറിന്റെ വെളിപ്പെടുത്തൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫണ്ട് കണ്ടെത്തുന്നത് എങ്ങനെയാണെന്ന് ആളുകൾ ചോദിക്കാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ 10 സർക്കാറുകൾ പ്രവർത്തിക്കുന്നത് തന്റെ തന്ത്രങ്ങൾ അനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണത്തിനാവശ്യമായ പണം കൈയിലില്ല എന്ന് ആരും കരുതേണ്ട. അത്രക്കും ദുർബലനാണെന്നും ആരും കരുതേണ്ട. ബിഹാറിൽ ആർക്കും തന്റെ ഫീസിനെ കുറിച്ച് അറിയില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

ഒരു തെരഞ്ഞെടുപ്പിൽ ആർക്കെങ്കിലും ഉ​പദേശം നൽകുകയാണെങ്കിൽ ഫീസായി 100 കോടി രൂപയോ അതിൽ കൂടുതലോ ആണ് ഈടാക്കുക. അങ്ങനെ കിട്ടുന്ന പണമുപയോഗിച്ച് അടുത്ത രണ്ട് വർഷത്തേക്ക് പ്രചാരണത്തിനാവശ്യമായ ഫണ്ട് സ്വരൂപിക്കാൻ കഴിയുമെന്നും പ്രശാന്ത് കിഷോർ അവകാശപ്പെട്ടു.

ബിഹാർ ഉപതെരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടിയും മത്സരരംഗത്തുണ്ട്. നാലു മണ്ഡലങ്ങളിലാണ് സുരാജ് മത്സരിക്കുന്നത്. ബെലഗഞ്ചിൽ മുഹമ്മദ് അംജദ്, ഇമാംഗഞ്ചിൽ ജിതേന്ദ്ര പാസ്വാൻ, രാംഗഢിൽ സുഷിൽ കുമാർ സിങ് കുഷ്വാഹ, തരാരിയിൽ നിന്ന് കിരൺ എന്നിവരാണ് ജൻ സുരാജ് സ്ഥാനാർഥികൾ. നവംബർ 13നാണ് ഈ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ്. നവംബർ 23ന് ഫലമറിയാം.

Tags:    
News Summary - Prashant Kishor reveals his fee for advising in one election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.