അയോധ്യ-ബാബരി തർക്കത്തിൽ പരിഹാരത്തിനായി ദൈവത്തോട് പ്രാർഥിച്ചു, വിശ്വാസമുണ്ടെങ്കിൽ ദൈവം വഴികാട്ടും -ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: തീർപ്പാക്കാൻ ഏറെ പ്രയാസമുണ്ടായിരുന്ന കേസായിരുന്നു അയോധ്യ രാമജന്മഭൂമി-ബാബരി മസ്ജിദ് തർക്കമെന്നും ഒരു പരിഹാരം കണ്ടെത്തിത്തരാൻ ദൈവത്തോട് പ്രാർഥിച്ചുവെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. വിശ്വാസമുണ്ടെങ്കിൽ ദൈവം ആർക്കും ഒരു വഴി കണ്ടെത്തിനൽകുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ഖേദിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. ബാബരി കേസിൽ വിധി പറഞ്ഞ അഞ്ചംഗ സുപ്രീംകോടതി ബെഞ്ചിൽ അംഗമായിരുന്നു ഡി.വൈ. ചന്ദ്രചൂഢ്.

'ഒരു പരിഹാരത്തിലെത്താൻ പ്രയാസപ്പെടുന്ന ചില കേസുകൾ ഉണ്ടാകാറുണ്ട്. അത്തരത്തിലൊന്നായിരുന്നു അയോധ്യയിലെ രാമജന്മഭൂമി-ബാബരി മസ്ജിദ് തർക്കം. ആ കേസ് എന്‍റെ മുന്നിൽ മൂന്ന് മാസത്തോളം ഉണ്ടായിരുന്നു. ഒരു പരിഹാരം കണ്ടെത്തി നൽകണമെന്ന് ഞാൻ ദൈവത്തിന് മുന്നിലിരുന്ന് പ്രാർഥിച്ചു' -ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്‍റെ വാക്കുകൾ വിശ്വസിക്കാം, നിങ്ങൾ വിശ്വാസമുള്ളയാളാണെങ്കിൽ ദൈവം എപ്പോഴും ഒരു വഴി കാട്ടിത്തരും -അദ്ദേഹം പറഞ്ഞു.

വർഷങ്ങൾ നീണ്ട നിയമവ്യവഹാരത്തിന് അന്ത്യംകുറിച്ച് 2019 നവംബർ ഒൻപതിനായിരുന്നു ബാബരി കേസിലെ നിർണായക വിധി വന്നത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിനെ കൂടാതെ, അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, 2019 മുതൽ 2021 വരെ ചീഫ് ജസ്റ്റിസ് ആയിരുന്ന എസ്.എ ബോബ്‌ഡെ, ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്. അബ്ദുൽ നസീർ എന്നിവരാണ് വിധിപറഞ്ഞ ബെഞ്ചിലുണ്ടായിരുന്നത്. ബാബരി ഭൂമിയിൽ രാമക്ഷേത്രം നിർമിക്കാൻ അനുമതി നൽകുകയായിരുന്നു സുപ്രീംകോടതി ബെഞ്ച്. മുസ്‍ലിംകൾക്കു നഷ്ടപരിഹാരമായി അയോധ്യയിൽ തന്നെ അഞ്ച് ഏക്കർ ഭൂമി നൽകാനും കോടതി ഉത്തരവിട്ടിരുന്നു. 


Tags:    
News Summary - Prayed To God To Find A Solution To Ayodhya-Babri Masjid Dispute : CJI DY Chandrachud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.