ബംഗളൂരു: കലബുറഗി സെൻട്രല്‍ ജയിലില്‍ തടവുകാരുടെ ആഡംബര ജീവിതത്തിന്റെ ഫോട്ടോകളും വിഡിയോ ക്ലിപ്പുകളും പുറത്തുവന്നതിനെത്തുടർന്ന് രണ്ട് ജയിലർമാരെ സസ്പെൻഡ് ചെയ്തു. സൈനേഷ് നിഗവൻ, പാണ്ഡുരംഗ ഹാർവൽ എന്നിവർക്കെതിരെയാണ് ജയിൽ എ.ഡി.ജി.പി മാലിനി കൃഷ്ണമൂർത്തിയുടെ നടപടി. പണം നല്കിയാല് തടവുകാർക്ക് സ്മാർട്ട് ഫോണുകള്‍, കഞ്ചാവ് തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാകുമെന്ന് സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ വിശാല്‍, സാഗർ, സോനു എന്നീ തടവുകാർ ജയിലിനുള്ളില്‍ ആഡംബര ജീവിതം നയിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. തടവുകാർ സ്മാർട്ട് ഫോണുകള്‍ ഉപയോഗിച്ച് സുഹൃത്തുക്കള്‍ക്ക് വിഡിയോ കാളുകള്‍ വിളിക്കുന്നതും കഞ്ചാവ് ഉപയോഗിക്കുന്നതും ജയില്‍ വളപ്പിനുള്ളില്‍ സെല്‍ഫിക്ക് പോസ് ചെയ്യുന്നതും വിഡിയോകളിലുണ്ട്.
കലബുറഗി പൊലീസ് സ്വമേധയാ കേസെടുത്ത് സിറ്റി പൊലീസ് കമീഷണർ ഡോ. ശരണപ്പയുടെ നേതൃത്വത്തിൽ ജയിലിൽ നടത്തിയ റെയ്ഡിൽ ജയിൽ അധികൃതർ കുറ്റവാളികളാണെന്ന് കണ്ടെത്തി. ഇദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടിയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.