ഡൽഹി സ്ഫോടനം: അന്വേഷണം ഖലിസ്ഥാൻ സംഘടനകളിലേക്ക്

ന്യൂഡൽഹി: ഡൽഹി രോഹിണിയിൽ സി.ആർ.പി.എഫ് സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ഖലിസ്ഥാൻ വിഘടനവാദി സംഘടനകളിലേക്ക്. സ്ഫോടനത്തിന് പിന്നിൽ തങ്ങളാണെന്ന് അവകാശപ്പെട്ട് ടെലഗ്രാമിൽ ഖലിസ്ഥാൻ സംഘടനയുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്റും പൊലീസിന്‍റെ അന്വേഷണത്തിലുണ്ട്.

ഖലിസ്ഥാൻ അനുകൂല സംഘടനയായ ജസ്റ്റിസ് ലീഗ് ഇന്ത്യയുടെ പേരിലാണ് ടെലഗ്രാം പോസ്റ്റ് പ്രചരിക്കുന്നത്. ഇതിൽ, സ്ഫോടന ദൃശ്യത്തിന്റെ സ്ക്രീൻഷോട്ടിന് താഴെ ‘ഖലിസ്ഥാൻ സിന്ദാബാദ്’ എന്നും എഴുതിയിട്ടുണ്ട്. ‘ഭീരുക്കളായ ഇന്ത്യൻ ഏജൻസിയും അവരുടെ യജമാനനും ചേർന്ന് ഗുണ്ടകളെ വാടകക്കെടുത്ത് ഞങ്ങളുടെ ശബ്ദം നിശബ്ദമാക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങളുടെ അംഗങ്ങളെ ലക്ഷ്യം വെക്കുന്നവർ വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നത്. ഞങ്ങൾ എത്രത്തോളം അടുത്താണെന്നും എപ്പോൾ വേണമെങ്കിലും തിരിച്ചടിക്കാൻ പ്രാപ്തരാണെന്നുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്' – പോസ്റ്റിൽ പറയുന്നു.

ഞായറാഴ്ച രാവിലെ 7.47ഓടെയാണ് രോഹിണിയിൽ പ്രശാന്ത് വിഹാറിന് സമീപത്തുള്ള സി.ആർ.പി.എഫ് സ്കൂളിന് സമീപത്ത് സ്​ഫോടനമുണ്ടായത്. സ്ഫോടനത്തിൽ സ്കൂളിന് കേടുപാടുകൾ സംഭവിച്ചു. സ്കൂളിനടുത്ത് പാർക്ക് ചെയ്തിട്ടുള്ള കാറുകളുടെ ചില്ലുകൾ തകർന്നു. ആളപായമുണ്ടായിട്ടില്ല. സ്ഫോടനത്തിന്‍റെ പിന്നിലുള്ളവരെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് ഡൽഹി പൊലീസ് സ്പെഷൽ സെൽ.

ഫൊറൻസിക് പരിശോധനയിൽ ബോംബ് നിർമിക്കാൻ വെള്ള നിറത്തിലുള്ള രാസവസ്തു ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. അമോണിയം നൈട്രേറ്റിന്റെയും ക്ലോറൈഡിന്റെയും മിശ്രിതമാണ് ഈ പൊടിയെന്നാണ് കരുതപ്പെടുന്നത്. സ്‌ഫോടനത്തിന് ശേഷം പ്രദേശത്ത് മുഴുവന്‍ രാസവസ്തുക്കളുടെ രൂക്ഷ ഗന്ധമുണ്ടായിരുന്നു. വലിയ ശബ്ദം കേട്ടുവെന്നും സ്ഫോടനമുണ്ടായ സ്ഥലത്ത് നിന്ന് വലിയ തോതിൽ പുക ഉയർന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. 

Tags:    
News Summary - Delhi cops probe Khalistani link in mysterious blast near CRPF school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.