ന്യൂഡൽഹി: ഡൽഹിയിൽ ആരാധന നിർവഹിച്ചുവരുന്ന പൗരാണിക പള്ളികളിൽ ഏറ്റവും പഴക്കംചെന്ന ഫിറോസ് ഷാ േകാട്ല ജമാ മസ്ജിദിൽ നമസ്കാരത്തിന് വിലക്ക്. ഡൽഹിയിൽ എല്ലാ ആരാധനാലയങ്ങളിലും ലോക്ഡൗൺ അവസാനിപ്പിച്ച് ആരാധനകൾ പുനരാരംഭിച്ച വേളയിലാണ് സുൽത്താൻ ഫിറോസ് ഷാ തുഗ്ലക് 14ാം നൂറ്റാണ്ടിൽ പണിത ഡൽഹി നഗരമായ ഫിറോസ്ഷാബാദിലെ ജമാമസ്ജിദിൽ നമസ്കാരം തടയുന്നതെന്ന് പള്ളി ഇമാം കുറ്റപ്പെടുത്തി.
രണ്ടു മാസമായി ജമാ മസ്ജിദിൽ നമസ്കാരം നിലനിർത്താൻ കടുത്ത പ്രയാസം അനുഭവിക്കുകയാണെന്ന് ഇമാം പറഞ്ഞു. കോവിഡിനെ തുടർന്ന് പള്ളിയിൽ മറ്റ് ആരാധനാലയങ്ങളെ പോലെ നമസ്കാരം തടഞ്ഞ ഡൽഹി സർക്കാർ ലോക്ഡൗൺ എടുത്തുകളഞ്ഞ് ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയശേഷമാണ് ഫിറോസ് ഷാ കോട്ലയിലെ വിലക്ക്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആളുകൾ നമസ്കാരത്തിനെത്തിയിട്ടും അത് മുടക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്ന് ഇമാം പരാതിപ്പെട്ടു.
വെള്ളിയാഴ്ചയിലെ സംഘടിത പ്രാർഥനയായ ജുമുഅ നമസ്കാരം പൂർണമായും നിരോധിച്ചായിരുന്നു വിലക്കുകളുടെ തുടക്കമെന്ന് ഇമാം പറഞ്ഞു. ജുമുഅ കൂടാതെ മൂന്ന് സമയത്തെ നമസ്കാരമാണ് ഫിറോസ് ഷാ കോട്ല പള്ളിയിൽ നടന്നിരുന്നത്. എന്നാൽ, അതിൽ സന്ധ്യാസമയത്തെ മഗ്രിബ് നമസ്കാരവും ഇപ്പോൾ വിലക്കി. അവശേഷിക്കുന്ന ഉച്ചയിലെയും വൈകുന്നേരത്തെയും ളുഹ്ർ, അസ്ർ നമസ്കാരങ്ങൾ നിർവഹിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഒാൺലൈൻ ടിക്കറ്റ് എടുക്കണമെന്നുകൂടി കൽപിച്ച് അതും മുടക്കുന്ന സാഹചര്യമാണെന്ന് ഇമാം പറഞ്ഞു. ഒരു ആരാധനാലയത്തിൽ നിർവഹിച്ചുവരുന്ന ആരാധന തുടരാൻ ഒാൺലൈൻ ടിക്കറ്റ് എടുക്കണമെന്ന നിബന്ധന എങ്ങനെ പ്രായോഗികമാകുമെന്ന് ഇമാം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.