ഗർഭധാരണം രോഗമോ വൈകല്യമോ അല്ല; ജോലി നിഷേധിക്കുന്നതിന് മാതൃത്വം കാരണമാകരുത് -ഡൽഹി ഹൈകോടതി

ന്യൂഡൽഹി: ഗർഭധാരണം രോഗമോ വൈകല്യമോ അല്ലെന്നും സ്ത്രീകൾക്ക് സർക്കാർ ജോലി നിഷേധിക്കുന്നതിന് ഗർഭകാലം കാരണമാകരുതെന്നും ഡൽഹി ഹൈകോടതി. കോൺസ്റ്റബിൾ സ്ഥാനത്തേക്കുള്ള ശാരീരിക കാര്യക്ഷമത പരീക്ഷ (പി.ഇ.ടി) മാറ്റിവക്കാനുള്ള ഗർഭിണിയുടെ അഭ്യർഥന നിരസിച്ചതിന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെ (ആർ.പി.എഫ്) ഡൽഹി ഹൈകോടതി ശാസിച്ചു.

ആർ.പി.എഫും കേന്ദ്ര സർക്കാറും യുവതിയോട് പെരുമാറിയതിൽ ജസ്റ്റിസുമാരായ രേഖ പള്ളിയും ഷാലിന്ദർ കൗറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വേദന രേഖപ്പെടുത്തി. യുവതി ഹരജി സമർപ്പിച്ച് അഞ്ച് വർഷത്തിന് ശേഷമാണ് ഉത്തരവ്.

"യൂനിയൻ ഓഫ് ഇന്ത്യയും ആർ.പി.എഫും ഗർഭധാരണത്തെ അസുഖമോ വൈകല്യമോ പോലെയാണ് കണക്കാക്കിയിരിക്കുന്നതെന്ന് തോന്നുന്നു. സ്ത്രീകൾക്ക് പൊതു തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിന് മാതൃത്വം ഒരിക്കലും അടിസ്ഥാനമാകരുതെന്നാണ് ഞങ്ങളുടെ കാഴ്ചപ്പാട്" -കോടതി പറഞ്ഞു.

ഗർഭിണിയാണെന്നും ഹൈജംപ്, ലോങ്ജമ്പ്, ഓട്ടം തുടങ്ങിയവ ചെയ്യാൻ കഴിയില്ലെന്നും ഹരജിക്കാരി അറിയിച്ചപ്പോൾ ആർ.പി.എഫിന് ഏതാനും മാസത്തേക്ക് പി.ഇ.ടി മാറ്റിവക്കാമായിരുന്നുവെന്ന് ബെഞ്ച് പറഞ്ഞു.

ആറാഴ്ചക്കുള്ളിൽ സ്ത്രീയുടെ ടെസ്റ്റുകളും ഡോക്യുമെന്‍റ് വെരിഫിക്കേഷനും നടത്തണമെന്നും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ മുൻകാല സീനിയോറിറ്റിയും മറ്റ് അനന്തര ആനുകൂല്യങ്ങളും ഉള്ള കോൺസ്റ്റബിൾ തസ്തികയിൽ നിയമിക്കണമെന്നും കോടതി ആർ.പി.എഫിനോട് നിർദ്ദേശിച്ചു.

രാഷ്ട്രത്തിന് സംഭാവന ചെയ്യാൻ കഴിയുന്ന സ്ത്രീകളെ പിന്തുണക്കേണ്ടത് അത്യാവശ്യമാണെന്ന് എല്ലാ അധികാരികളും, പ്രത്യേകിച്ച് പൊതു ജോലിയുമായി ബന്ധപ്പെട്ടവരും തിരിച്ചറിയണം. വൈകല്യമോ രോഗമോ ആയി കണക്കാക്കാൻ കഴിയാത്ത ഗർഭധാരണം പോലുള്ള കാരണങ്ങളിലൂടെ അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും വിശദമായ വിധിന്യായത്തിൽ കോടതി പറഞ്ഞു.

അധികാരികളുടെ പെരുമാറ്റം അവർ ഇപ്പോഴും യുവതിയുടെ അവകാശങ്ങളെയും അഭിലാഷങ്ങളെയും അവഗണിക്കുന്നുവെന്നും ഗർഭധാരണത്തിന്‍റെ പേരിൽ തൊഴിൽ അവസരം നിഷേധിക്കുന്നത് തുടരുകയാണെന്നും തെളിയിക്കുന്നു. അതിനാൽ ജോലി നിഷേധിക്കുന്ന തീരുമാനം തീർത്തും അസ്ഥിരമാണെന്നും അത് റദ്ദാക്കേണ്ടത് ആവശ്യമാണെന്ന് വാദിക്കാൻ യാതൊരു മടിയുമില്ലെന്നും കോടതി വ്യക്തമാക്കി.

Tags:    
News Summary - Pregnancy is not sickness; can't be ground to deny public employment: Delhi High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.