ന്യൂഡൽഹി: ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാർവത്രിക സഹായപദ്ധതി ജലരേഖയാവുന്നു. കഴിഞ്ഞ യു.പി.എ സർക്കാർ നടപ്പാക്കിയ 2013 ലെ ദേശീയ ഭക്ഷ്യസുരക്ഷനിയമത്തിെൻറ(എൻ.എഫ്.എസ്.എ) ചുവടുപിടിച്ച് പ്രഖ്യാപിച്ച പദ്ധതിയിലെ സഹായമാണ് ഇതുവരെ ഗുണഭോക്താക്കളുടെ കൈകളിൽ എത്താത്തത്.
കേന്ദ്ര, സംസ്ഥാന സർക്കാറിലോ പൊതുമേഖലാസ്ഥാപനങ്ങളിലോ സ്ഥിരം ജോലി ഇല്ലാത്ത ഗർഭിണിക്ക് ആ കാലയളവിലും പ്രസവശേഷവും തവണകളായി കുട്ടി ഒന്നിന് 6000 രൂപ നൽകുന്നതാണ് പദ്ധതി. 2010 മുതൽ 53 ജില്ലകളിൽ പൈലറ്റ് പ്രോജക്ടായി നടപ്പാക്കിയിരുന്ന പദ്ധതി പിന്നീട് സാർവത്രികമായി നടപ്പാക്കാനാണ് ലക്ഷ്യമിട്ടത്. ഭരണമാറ്റത്തിനുശേഷം ഇൗ പദ്ധതി സാർവത്രികമായി നടപ്പാക്കുന്നതിെൻറ ഭാഗമായാണ് പ്രധാനമന്ത്രി മാതൃവന്ദന യോജന പദ്ധതി 2016 ൽ മോദി പ്രഖ്യാപിച്ചത്. 2017 ജനുവരിയിൽ വനിത-ശിശുവികസനമന്ത്രാലയം പദ്ധതി വിശദാംശവും പ്രഖ്യാപിച്ചു.
അസംഘടിതമേഖലയിൽ ജോലിചെയ്യുന്ന സ്ത്രീകൾക്ക് ഗർഭകാലത്തും പ്രസവശേഷവും ജോലി ഇല്ലാത്തത് കാരണമുള്ള വരുമാനനഷ്ടം പരിഹരിക്കുക, ഗർഭകാലത്തും പ്രസവശേഷവും ആരോഗ്യവും പോഷകാഹാരലഭ്യതയും മെച്ചപ്പെടുത്തുക, ആദ്യ ആറുമാസം മുലയൂട്ടൽ തടസ്സമില്ലാതെ നടക്കുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി. 51.70 ലക്ഷം സ്ത്രീകൾ ഗുണഭോക്താക്കളായി മാറുമെന്നും അവകാശപ്പെട്ടു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ 60:40 അനുപാതത്തിൽ ചെലവ് വഹിക്കാനായിരുന്നു തീരുമാനം.
എന്നാൽ, ഒരുവർഷത്തിനുള്ളിൽതന്നെ തീരുമാനത്തിൽ നിന്ന് കേന്ദ്രം പിന്നാക്കം പോയി. ആകെ വേണ്ടതിെൻറ മൂന്നിലൊന്നായ 2700 കോടി രൂപ മാത്രമാണ് 2017-18 ലെ ബജറ്റിൽ ഉൾക്കൊള്ളിച്ചത്. കൂടാതെ, ധനസഹായം 6000 രൂപയിൽ നിന്ന് 5000 ആക്കി. സഹായം ആദ്യപ്രസവത്തിന് മാത്രമായി ചുരുക്കിയതോടെ അതിൽ കുട്ടികൾ മരിച്ച സ്ത്രീകളുടെ നിർണായകമായ രണ്ടാം പ്രസവം സാമൂഹികസുരക്ഷാപരിധിക്ക് പുറത്തായി.
2018-19 ബജറ്റിൽ പദ്ധതിയുടെ ഗുണഫലം പൂർണമായി ലഭ്യമാകാൻ കേന്ദ്ര- സംസ്ഥാന അനുപാതപ്രകാരം കുറഞ്ഞത് 8000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് ധനകാര്യവിദഗ്ധർ പറയുന്നത്. പദ്ധതിയുടെ ബജറ്റ് വിഹിതം വർധിപ്പിക്കണമെന്ന് രാജ്യത്തെ പ്രമുഖരായ 60 സാമ്പത്തികവിദഗ്ധർ കഴിഞ്ഞ ദിവസം ധനമന്ത്രിയോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.