ന്യൂഡൽഹി: പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മിണ്ടിക്കാൻ പ്രതിപക്ഷം സർക്കാരിനെതിരെ ബുധനാഴ്ച അവിശ്വാസപ്രമേയ നോട്ടീസ് നൽകിയേക്കും. മണിപ്പൂർ വിഷയത്തിൽ മോദിയുടെ പ്രസ്താവനയോടെ വിശദ ചർച്ച വേണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം. സർക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ പ്രധാനമന്ത്രി സംസാരിച്ചേ തീരൂ. ഇതു കണക്കിലെടുത്താണ് പ്രതിപക്ഷ മുന്നണിയായ ഇൻഡ്യയുടെ നീക്കം. ലോക്സഭയിൽ സർക്കാറിന് വ്യക്തമായ ഭൂരിപക്ഷമുള്ളതു കൊണ്ട് അവിശ്വാസ പ്രമേയം പാസാകില്ല. എന്നാൽ, പ്രമേയ ചർച്ചയിൽ സർക്കാറിനെ തുറന്നാക്രമിക്കാൻ പ്രതിപക്ഷ പാർട്ടികൾക്ക് അവസരം ലഭിക്കും. മണിപ്പൂർ വിഷയത്തിൽ സർക്കാറിനെതിരെ പ്രതിപക്ഷത്തിന്റെ ശക്തമായ നിലപാട് പൊതുശ്രദ്ധയിൽ കൊണ്ടുവരാനാകും. മറുപടി പറയാൻ പ്രധാനമന്ത്രി ബാധ്യസ്ഥം.
അവിശ്വാസ പ്രമേയ നോട്ടീസ് നൽകുന്ന കാര്യത്തിൽ പ്രതിപക്ഷ പാർട്ടികൾ കൂടിയാലോചന നടത്തുകയാണ്. ലോക്സഭയിൽ അവിശ്വാസ പ്രമേയ നോട്ടീസ് നൽകാൻ ചുരുങ്ങിയത് 50 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ഒന്നാം മോദിസർക്കാറിനെതിരെ 2018 ജൂലൈ 20ന് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാൽ, 325-126 എന്ന വോട്ടുനിലയിൽ പ്രമേയം പരാജയപ്പെട്ടു.
മണിപ്പൂർ വിഷയത്തിൽ ഭരണ-പ്രതിപക്ഷങ്ങൾ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഇതുമൂലം മഴക്കാല പാർലമെന്റ് സമ്മേളനത്തിന്റെ നാലാം ദിവസവും ഇരുസഭകളിലും നടപടികൾ തടസ്സപ്പെട്ടു. ഗാന്ധി പ്രതിമക്കു മുന്നിലെ രാപ്പകൽ സമരം സസ്പെൻഡ് ചെയ്യപ്പെട്ട ആപ് എം.പി. സഞ്ജയ്സിങ്ങിന്റെ നേതൃത്വത്തിൽ തുടരുകയാണ്. അതേസമയം, തുടർച്ചയായ മൂന്നാം ദിവസവും നരേന്ദ്ര മോദി ഇരുസഭകളിൽനിന്നും വിട്ടുനിന്നു.
സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് രാജ്യസഭയിൽ പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തി. പ്രതിപക്ഷത്തിന്റെ നടുത്തള സമരം വകവെക്കാതെ രണ്ടു ബില്ലുകൾ ചർച്ചയില്ലാതെ സർക്കാർ പാസാക്കി. മണിപ്പൂർ വിഷയത്തിൽ സർക്കാറിന് ഒന്നും ഒളിക്കാനില്ലെന്നും ചർച്ചക്ക് ഒരുക്കമാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. എന്നാൽ, മോദിയുടെ പ്രസ്താവനയോടെ ദീർഘചർച്ചക്ക് സർക്കാർ തയാറാകണമെന്നാണ് പ്രതിപക്ഷ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.