ന്യൂഡൽഹി: നരേന്ദ്ര മോദിയെ എങ്ങനെ പരാജയപ്പെടുത്താമെന്നല്ല മറിച്ച് ഇന്ത്യയെ എങ്ങനെ വിജയിപ്പിക്കാമെന്നതാണ് കോൺഗ്രസ് നേതാക്കന്മാരുമായുള്ള ചർച്ചയിൽ താൻ അവതരിപ്പിച്ചതെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
"ചർച്ചയിൽ താൻ അവതരിപ്പിച്ചത് കോൺഗ്രസിന്‍റെ പ്രതാപകാലം എങ്ങനെ വീണ്ടെടുക്കാമെന്നാണ്. അത് ഒന്നോ രണ്ടോ തെരഞ്ഞെടുപ്പുകളിൽ വിജയിപ്പിക്കുക മാത്രമല്ല മറിച്ച് രാജ്യത്തെ ഒരു രാഷ്ട്രീയ ശക്തിയായി കോൺഗ്രസിനെ മാറ്റുക എന്നതാണ്"- കിഷോർ പറഞ്ഞു.
മോദിയെ എങ്ങനെ പരാജയപ്പെടുത്താം എന്നതിലല്ല, ഇന്ത്യയെ എങ്ങനെ വിജയിപ്പിക്കാം എന്നതിലാണ് കാര്യം. രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്. കോൺഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ താൻ മുന്നോട്ട് വച്ചത് ഒരു പ്രത്യേക സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പദ്ധതി മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരും കാലങ്ങളിലും ബി.ജെ.പി ശക്തരായി തുടരുമെങ്കിലും കോൺഗ്രസിന്‍റെ തിരിച്ചുവരവ് ജനാധിപത്യത്തിന് ശക്തി പകരുമെന്നും കിഷോർ ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചകൾ കിഷോർ പാർട്ടിയിൽ ചേരുമെന്ന സൂചന നൽകിയെങ്കിലും കോൺഗ്രസ് നേതാക്കളുടെ വാഗ്ദാനങ്ങൾ അദ്ദേഹം നിരസിച്ചിരുന്നു.
പാർട്ടിയിലെ സുപ്രധാന തീരുമാനങ്ങളെടുക്കുന്ന എട്ടംഗ കമ്മിറ്റിയായ എംപവേർഡ് ആക്ഷൻ ഗ്രൂപ്പിലേക്ക് (ഇ.എ.ജി) കിഷോറിന് ക്ഷണം ലഭിച്ചിരുന്നു. ഈ എട്ടംഗ പാനൽ ഭരണഘടനയുമായി പൊരുത്തപ്പെടില്ലെന്നും ഭാവിയിൽ വിവിധ സംഘർഷങ്ങൾക്ക് കാരണമായേക്കാമെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.