തേസ്പൂർ: ഇന്ത്യൻ വ്യോമസേനയുടെ കരുത്തായ സുഖോയ് 30 എം.കെ.ഐ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. അസമിലെ തേസ്പൂർ വ്യോമ കേന്ദ്രത്തിൽ നിന്നാണ് രാഷ്ട്രപതി യുദ്ധ വിമാനത്തിൽ യാത്ര ചെയ്തത്.
ഏപ്രിൽ ആറു മുതൽ എട്ട് വരെ സംസ്ഥാനത്ത് സന്ദർശന നടത്തുന്നതിന്‍റെ ഭാഗമായാണ് യുദ്ധ വിമാനത്തിലെ യാത്ര. മുൻ രാഷ്ട്രപതിമാരായ എ.പി.ജെ അബ്ദുൽ കലാം, പ്രതിഭ പാട്ടിൽ, രാംനാഥ് കോവിന്ദ് എന്നിവർ യുദ്ധവിമാനത്തിൽ യാത്ര ചെയ്തിരുന്നു. കര, നാവിക, വ്യോമ സേനകളുടെ സുപ്രീം കമാൻഡറാണ് രാഷ്ട്രപതി.
ഇന്ത്യൻ വ്യോമസേനയുടെ കിരീടമെന്ന് അറിയപ്പെടുന്ന യുദ്ധവിമാനമാണ് സുഖോയ് 30 എം.കെ.ഐ. രണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന ഇരട്ട സീറ്റ് വിമാനമാണിത്. റഷ്യ വികസിപ്പിച്ചെടുത്ത സുഖോയ് വിമാനം നിർമിച്ചത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിസ് ലിമിറ്റഡ് ആണ്. മുമ്പ് റോഡിൽ ലാൻഡ് ചെയ്ത് സുഖോയ് വിമാനം ചരിത്രം കുറിച്ചിരുന്നു.
വ്യോമസേനയുടെ കിഴക്കൻ വ്യോമ കമാൻഡിന്‍റെ കീഴിൽ വരുന്നതാണ് തേസ്പൂർ വ്യോമസേനാ കേന്ദ്രം. ചൈന, മ്യാൻമർ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ അതിർത്തി പ്രദേശങ്ങളുടെ നിരീക്ഷണ ചുമതലയാണ് തേസ്പൂർ വ്യോമസേനാ കേന്ദ്രത്തിനുള്ളത്. വടക്കൻ അസമിലെ തേസ്പൂർ അരുണാചൽ പ്രദേശിന്‍റെ അതിർത്തിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.