മുംബൈ: മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലായെങ്കിലും സർക്കാർ രൂപവത്കരണ ചർച്ചക ളുമായി കോൺഗ്രസും എൻ.സി.പിയും ശിവസേനയും മുന്നോട്ട്. രാമക്ഷേത്രം, ഏക സിവിൽ കോഡ് തു ടങ്ങിയ വിഷയങ്ങളിൽ വിരുദ്ധ നിലപാടുള്ള ശിവസേനക്കൊപ്പം സർക്കാറുണ്ടാക്കുന്നതിലെ കോൺഗ്രസിെൻറ വൈമനസ്യമാണ് അന്തിമ തീരുമാനം വൈകിക്കുന്നത്. പൊതുമിനിമം പരിപാടി രൂപപ്പെടുത്താതെ സഖ്യമാകാനാകില്ലെന്നും ചില പ്രധാന വിഷയങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും മുംബൈയിൽ എൻ.സി.പി അധ്യക്ഷൻ ശരദ് പവാറുമായി ചർച്ചനടത്തിയ കോൺഗ്രസ് നേതാവ് അഹമദ് പട്ടേൽ പറഞ്ഞു. എൻ.സി.പിയുമായി ധാരണയായ ശേഷം ശിവസേനയുമായി ചർച്ചനടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചില വിഷയങ്ങളിൽ വ്യക്തത ആവശ്യമാണെന്ന് ശിവസേന തലവൻ ഉദ്ധവ് താക്കറെയും പറഞ്ഞു.
തിങ്കളാഴ്ച ഗവർണർ നൽകിയ സമയപരിധിക്കകം കോൺഗ്രസിെൻറ സമ്മതപത്രം ലഭിക്കാത്തതിനെ തുടർന്നാണ് ശിവസേനക്ക് അവസരം നഷ്ടപ്പെട്ടത്. കോൺഗ്രസ് കൂടുതൽ ചർച്ച ആവശ്യപ്പെട്ടതോടെ എൻ.സി.പിയും സമ്മതപത്രം നൽകിയില്ല. എന്നാൽ, തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകീട്ട് ഏഴരവരെ കോൺഗ്രസിെൻറ കത്ത് പ്രതീക്ഷിച്ച് ശരദ് പവാർ കാത്തിരുന്നതായി എൻ.സി.പി നേതാവ് അജിത് പവാർ അവകാശപ്പെട്ടു. ക്ഷുഭിതനായ പവാർ ചൊവാഴ്ച തന്നെ കാണാൻ പുറപ്പെട്ട കോൺഗ്രസ് ഹൈകമാൻഡ് പ്രതിനിധികളോട് ആദ്യം വരേണ്ടെന്ന് ആവശ്യപ്പെട്ടു. പവാർ വിലക്കിയതോടെ യാത്ര റദ്ദാക്കിയ അഹമദ് പട്ടേൽ, മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ എന്നിവർ വൈകീട്ടോടെ നഗരത്തിൽ എത്തി പവാറുമായി ചർച്ച നടത്തി.
പൊതുമിനിമം പരിപാടിയാണ് കോൺഗ്രസ് ഉന്നയിച്ച മുഖ്യവിഷയം. മന്ത്രിസഭയിൽ മൂന്ന് പാർട്ടികൾക്കും 14 അംഗങ്ങൾവീതം തുല്യ പങ്കാളിത്തം, സ്പീക്കർ പദവി എന്നിവയാണ് കോൺഗ്രസ് ആവശ്യപ്പെട്ടതെന്ന് അറിയുന്നു. മുഖ്യമന്ത്രി പദം ശിവസേനയും എൻ.സി.പിയും രണ്ടരവർഷം വീതംവെക്കുമെന്ന ഉപാധി എൻ.സി.പിയും മുന്നോട്ട് വെച്ചു. കോൺഗ്രസും എൻ.സി.പിയും ധാരണയായ ശേഷം ഉദ്ധവുമായി പവാർ ചർച്ച നടത്തുമെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.