ന്യൂഡൽഹി: ലോക്സഭയിൽ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ മോദി സർക്കാറിനെക്കുറിച്ചുള്ള രാഷ്ട്രപതിയുടെ അവകാശവാദങ്ങൾക്ക് തൽസമയ പരിഹാസവുമായി പ്രതിപക്ഷ കോറസ്. തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജിയുടെയും ഡി.എം.കെ നേതാവ് ദയാനിധി മാരന്റെയും നേതൃത്വത്തിൽ കോറസായി നടത്തിയ പ്രതികരണത്തിൽ പലപ്പോഴും രാഷ്ട്രപതിയുടെ ശബ്ദം മുങ്ങി.
തുടർച്ചയായി മൂന്നാം തവണയും വ്യക്തമായ ഭൂരിപക്ഷത്തോടെ സുസ്ഥിരമായ സർക്കാറിനെ ഇന്ത്യയിലെ ജനങ്ങൾ തെരഞ്ഞെടുത്തെന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ തുടക്കം തന്നെ ‘ഇല്ലാ, ഇല്ലാ’ വിളികളോടെയാണ് പ്രതിപക്ഷം എതിരേറ്റത്. ബി.ജെ.പിക്ക് ഭൂരിപക്ഷം പോയെന്ന് എം.പിമാർ ഓർമിപ്പിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ഇന്ത്യക്കാരെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റാൻ കഴിഞ്ഞെന്ന് മുർമു പറഞ്ഞപ്പോൾ ‘കള്ളം കള്ളം’ എന്നായി പ്രതികരണം.
വടക്കുകിഴക്കൻ മേഖലയിൽ ശാശ്വത സമാധാനത്തിനായി തന്റെ സർക്കാർ തുടർച്ചയായി പ്രവർത്തിക്കുകയാണെന്ന രാഷ്ട്രപതിയുടെ പരാമർശത്തെ ‘മണിപ്പൂർ’ എന്നാവർത്തിച്ച് ഓർമിപ്പിച്ച് അവർ എതിരിട്ടു. സി.എ.എ പ്രകാരം പൗരത്വം നൽകിത്തുടങ്ങി എന്ന് പറഞ്ഞപ്പോൾ ശ്രീലങ്കൻ തമിഴ് അഭയാർഥികൾക്ക് എന്തുകൊണ്ടില്ലെന്ന് ദയാനിധി മാരൻ ചോദിച്ചു.
ചോദ്യച്ചോർച്ചയുടെയും യുവാക്കളുടെയും കാര്യമെത്തിയപ്പോൾ ‘നീറ്റ്’ എന്ന് വിളിച്ചാർത്തും വനിത സംവരണ നിയമം പാസാക്കിയതിനോട് ബ്രിജ്ഭൂഷൺ കേസ് ഓർമിപ്പിച്ചും ഡോ. അംബേദ്കറിനെ സ്മരിച്ചപ്പോൾ പാർലമെന്റ് വളപ്പിലെ പ്രതിമ പറിച്ചുമാറ്റിയതും ജി 7 ഉച്ചകോടിക്ക് മോദി പോയത് നേട്ടമായി എണ്ണിയപ്പോൾ ‘മെലഡി’ എന്ന് പറഞ്ഞും പ്രതിപക്ഷം കോറസായി പരിഹാസം തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.