ന്യൂഡൽഹി: 2002ലെ ഗോധ്ര ട്രെയിൻ കത്തിച്ച സംഭവത്തെക്കുറിച്ചുള്ള അധ്യായങ്ങൾ അടങ്ങിയ സ്കൂൾ പാഠപുസ്തകങ്ങൾ രാജസ്ഥാൻ സർക്കാർ പിൻവലിച്ചു. ഈ വിഷയം സർക്കാർ സ്കൂളുകളിൽ ഇനി പഠിപ്പിക്കില്ലെന്ന് അധികൃതർ പറഞ്ഞു. ഗോധ്ര സംഭവത്തിൽ മുൻ കോൺഗ്രസ് സർക്കാർ കൊലയാളികളെ മഹത്വവത്കരിച്ചുവെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ പറഞ്ഞു.
സംഭവത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി കുട്ടികളെ തെറ്റിദ്ധരിപ്പിച്ച മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിനെ അദ്ദേഹം കുറ്റപ്പെടുത്തി.
‘ജീവൻ കി ബഹാർ’, ’ചിട്ടി ഏക് കുട്ട ഔർ ഉസ്‌ക ജംഗിൾ ഫാം’, ’അദൃശ്യ ലോഗ് - സ്റ്റോറി ഓഫ് ഹോപ്പ് ആൻഡ് കറേജ്’ എന്നിവയാണ് തിരിച്ചുവിളിച്ച പുസ്തകങ്ങൾ. ഒമ്പതു മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളെ പഠിപ്പിക്കാനാണ് ഈ പുസ്തകങ്ങൾ ഉപയോഗിച്ചിരുന്നത്. ‘അദൃശ്യ ലോഗ് - സ്റ്റോറി ഓഫ് ഹോപ്പ് ആൻഡ് കറേജ്’ എന്ന പുസ്തകം മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഹർഷ് മന്ദർ എഴുതിയതാണ്. ഈ പുസ്തകമാണ് പിൻവലിച്ചവയിൽ പ്രധാനപ്പെട്ടത്.
ഗോധ്രയിൽ തീവണ്ടിക്ക് നേരെയുണ്ടായ ആക്രമണം തീവ്രവാദ ഗൂഢാലോചനയാണെന്നും സംഭവത്തിന് ശേഷം മുസ്‌ലിംകളെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നും ഹർഷ് മന്ദർ പുസ്തകത്തിൽ വിവരിച്ചിരുന്നു. പീഡിപ്പിക്കപ്പെടുമെന്ന ഭയത്താൽ മുസ്‍ലിംകൾ തങ്ങളുടെ വ്യക്തിത്വം മറച്ചുവെച്ച് ജീവിക്കുന്നു. നിരവധി കുട്ടികളെ കാണാതായിട്ടുണ്ടെന്നും പരാതിയുണ്ട്. വിദേശ സംഭാവന നിയമലംഘനം ആരോപിച്ച് മന്ദറിനെതിരെ അടുത്തിടെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ നിന്ന് എല്ലാ കോപ്പികളും പിൻവലിക്കാൻ സംസ്ഥാന സർക്കാർ ജില്ലാ വിദ്യാഭ്യാസ ഓഫിസർമാരോട് ആവശ്യപ്പെട്ടു. 2002 ഫെബ്രുവരി 27ന് ഗുജറാത്തിലെ ഗോധ്ര റെയിൽവേ സ്റ്റേഷനിൽ തീർഥാടകരുമായി മടങ്ങുകയായിരുന്ന സബർമതി എക്‌സ്പ്രസിന്റെ എസ്-ആറ് കോച്ചിലുണ്ടായ തീപിടിത്തത്തിൽ 59 പേർ കൊല്ലപ്പെട്ടിരുന്നു. ഗുജറാത്തിൽ തുടർന്നുണ്ടായ വർഗീയ കലാപത്തിൽ ആയിരത്തിലധികം പേരുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.