ഗുവാഹത്തി: പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കൊലക്കേസ് പ്രതിയെ പൊലീസ് വെടിവെച്ചുകൊന്നു. അസമിലെ കാംരൂപ് മെട്രോപൊളിറ്റൻ ജില്ലയിലെ സോനാപൂരിലാണ് സംഭവം. വ്യവസായി രഞ്ജിത് ബോറ വധക്കേസിലെ മുഖ്യപ്രതി ഷാ ആലം താലുക്ദാർ ആണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രി തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ പ്രതി കൈവിലങ്ങുകളോടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. രാത്രിതന്നെ സോനാപൂരിൽനിന്ന് ഇയാളെ പിടികൂടിയപ്പോൾ വീണ്ടും കസ്റ്റഡിയിൽ നിന്ന് ഓടിപ്പോകാൻ ശ്രമിച്ചത്രെ. തുടർന്നാണ് വെടിവെച്ച് കൊന്നതെന്ന് പൊലീസ് അവകാശപ്പെട്ടു. വെടിയേറ്റ താലുക്ദാറിനെ ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
2022 നവംബർ 21നാണ് മോട്ടോർ സൈക്കിളിലെത്തിയ രണ്ടുപേർ ബോറയെ വെടിവെച്ച് കൊന്നത്. പാൽ കമ്പനിയുടെ മാനേജറായ രഞ്ജിത് ബോറ ബാങ്കിൽ പണം നിക്ഷേപിക്കാൻ പോകുമ്പോഴാണ് കൊല്ലപ്പെട്ടത്. കേസിൽ പ്രതികളായ ഷാ ആലം തതാലൂക്ക്ദാറും മറ്റ് നാലുപേരും ഈ മാസം അഞ്ചിന് പിടിയിലായി.
ഫെബ്രുവരി 10ന് ഷാ ആലം ലോക്കപ്പിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കക്കൂസിലെ കപ്പ് പൊട്ടിച്ച് കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യാശ്രമം നടത്തിയതത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.