ഭോപ്പാൽ: പൂജ്യം ഡിഗ്രീ രേഖാംശരേഖ (പ്രധാന മധ്യാഹ്നരേഖ-പ്രൈം മെറിഡിയൻ) കടന്നുപോകുന്നത് മധ്യപ്രദേശിലെ ഉജ്ജയിനിലൂടെയാണെന്ന് പുതുതായി അധികാരമേറ്റ മുഖ്യമന്ത്രി മോഹൻ യാദവ്. യു.കെയിലെ ഗ്രീനിച്ചിൽ നിന്ന് പ്രൈം മെറിഡിയൻ ഉജ്ജയിനിലേക്ക് മാറ്റാനുള്ള ശ്രമം സർക്കാർ നടത്തും. ലോകസമയക്രമം മാറ്റി 'കൃത്യമാക്കു'മെന്നും അദ്ദേഹം പറഞ്ഞു.
പാശ്ചാത്യവത്കരണത്തെ കുറിച്ച് സംസാരിക്കവേയായിരുന്നു മോഹൻ യാദവിന്‍റെ പ്രസ്താവന. പ്രധാന മധ്യാഹ്നരേഖ ഉജ്ജയിനിലൂടെയാണ് കടന്നുപോകുന്നതെന്ന് തന്‍റെ സർക്കാർ തെളിയിക്കും. പണ്ടുകാലത്ത് ഉജ്ജയിൻ സമയമായിരുന്നു ലോകത്ത് ഉപയോഗിച്ചിരുന്നത്. പിന്നീട് പാരീസിനെ കേന്ദ്രീകരിച്ചായി. ശേഷം ബ്രിട്ടീഷുകാരാണ് ഗ്രീനിച്ചിനെ പ്രധാന മധ്യാഹ്നരേഖയായി കണക്കാക്കിയത് -അദ്ദേഹം പറഞ്ഞു.
ഹിന്ദു പുരാണങ്ങളെ അധികരിച്ചാണ് ഉജ്ജയിനെ പ്രധാന മധ്യാഹ്നരേഖയായി കാണണമെന്ന് മുഖ്യമന്ത്രി വാദിച്ചത്.
അർധരാത്രിയിൽ ദിവസം മാറുന്ന രീതിയും മാറ്റേണ്ടതുണ്ടെന്ന് അദ്ദേഹം വാദിച്ചു. ലോകത്ത് രണ്ട് തരം ജീവികളാണുള്ളത്. ഒന്ന് പകൽ സമയത്ത് സജീവമായ ജീവികളും മറ്റൊന്ന് രാത്രിയിൽ സജീവമായ ജീവികളും. അങ്ങനെയായിരിക്കെ, അർധരാത്രിയിൽ ദിവസം മാറ്റുന്നതിന്‍റെ യുക്തിയെന്താണ്? പാശ്ചാത്യവത്കരണം ലോകത്തെ നശിപ്പിക്കുകയാണ്. ഇതിനെ തടയാൻ തന്‍റെ സർക്കാർ ശാസ്ത്രചിന്തയുള്ളവരുമായി ഒത്തുചേർന്ന് പ്രവർത്തിക്കും -മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. ലോകത്ത് പ്രചാരത്തിലുള്ള ഗ്രിഗേറിയൻ കലണ്ടറിന് പകരം ഹിന്ദു വിശ്വാസപ്രകാരമുള്ള വിക്രം സംവത് കലണ്ടറിന് പ്രചാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
യു.കെയിലെ ഗ്രീനിച്ചിലൂടെ പ്രധാന മധ്യാഹ്നരേഖ കടന്നുപോകുന്നുവെന്ന് സങ്കൽപ്പിച്ചുള്ള സമയക്രമമാണ് നിലവിൽ ലോകത്തുള്ളത്. ഇതുപ്രകാരം ഗ്രീനിച്ച് മീൻ ടൈം ആണ് സമയസൂചിക. ഗ്രീനിച്ചിൽ നിന്നും കിഴക്കോട്ട് പോകുന്തോറും സമയം നേരത്തെയായും പടിഞ്ഞാറോട്ട് പോകുന്തോറും പിന്നിലേക്കായും കണക്കാക്കുന്നു. ഇത് പ്രകാരമാണ് ഇന്ത്യൻ സമയം ഗ്രീനിച്ച് സമയത്തേക്കാൾ 5.30 മണിക്കൂർ മുന്നിലാണ് എന്ന് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.