മന്ത്രിമാരുടെ അച്ചടക്കത്തിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിയന്ത്രണമില്ല -സുപ്രീംകോടതി

ന്യൂഡൽഹി: അച്ചടക്കത്തിന്റെ കാര്യത്തിൽ മന്ത്രിസഭാംഗങ്ങൾക്കു മേൽ മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ നിയന്ത്രണമില്ലെന്ന് സുപ്രീംകോടതി. മുൻ സംസ്ഥാന വൈദ്യുതി മന്ത്രി എം.എം. മണിക്കെതിരായ ഹരജിക്കാരുടെ അഭിഭാഷകനായിരുന്ന അഡ്വ. കാളീശ്വരം രാജ് ഭരണഘടനാ ബെഞ്ചിന് മുന്നിൽ വെച്ച ആവശ്യം തള്ളിയാണ് ജസ്റ്റിസ് അബ്ദുൽ നസീർ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ നിരീക്ഷണം.

തെറ്റു ചെയ്യുന്ന കേന്ദ്ര മന്ത്രിയുടെ കാര്യത്തിൽ പ്രധാനമന്ത്രിക്കോ സംസ്ഥാന മന്ത്രിയുടെ കാര്യത്തിൽ മുഖ്യമന്ത്രിക്കോ ഉചിതമായ നടപടി എടുക്കാനാകും എന്നായിരുന്നു കാളീശ്വരം രാജിന്റെ വാദം. എന്നാൽ, അഞ്ചംഗ ബെഞ്ച് ഇതു തള്ളി. മന്ത്രിസഭാംഗങ്ങൾക്കെതിരെ പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ അച്ചടക്കത്തിന്‍റെ കാര്യത്തിൽ നിയന്ത്രണമില്ലെന്ന് വിധിയിൽ വ്യക്തമാക്കി.

ശക്തനായ ഒരു പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഒരു മന്ത്രിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കാനാകും. എന്നാൽ, നമ്മുടേതുപോലെ ബഹുകക്ഷി സമ്പ്രദായമുള്ള രാജ്യത്ത് പലപ്പോഴും സഖ്യകക്ഷി സർക്കാറുകളായിരിക്കും. മന്ത്രിസഭയിലെ ആരെങ്കിലും ഒരു പ്രസ്താവന നടത്തിയെന്ന് കരുതി പ്രധാനമന്ത്രിക്കോ, മുഖ്യമന്ത്രിക്കോ എപ്പോഴും വിപ്പ് നൽകുക സാധ്യമല്ല.

ചിലപ്പോൾ സർക്കാറുകൾ നേരിയ ഭൂരിപക്ഷത്തിലായിരിക്കും. ചില മന്ത്രിമാർ സർക്കാറുകളുടെ നിലനിൽപ് തീരുമാനിക്കാൻ ശക്തരുമായിരിക്കും. ഇതു നമ്മുടെ രാജ്യത്തിന്റെ മാത്രം സവിശേഷതയല്ലെന്നും ബെഞ്ച് തുടർന്നു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം എന്നത് രാഷ്ട്രീയ സങ്കൽപമാണ്. അതു മന്ത്രിസഭക്ക് നിയമ നിർമാണ സഭകളോടുള്ളതാണ്.

ആ സങ്കൽപം നിയമനിർമാണ സഭക്ക് പുറത്ത് ഓരോ മന്ത്രിയും നടത്തുന്ന ഓരോ പ്രസ്താവനയിലേക്കും വലിച്ചുനീട്ടാനാവില്ല. മന്ത്രിസഭ കൂട്ടായി എടുക്കുന്ന തീരുമാനത്തിന് ഓരോ മന്ത്രിയും ഉത്തരവാദിയാണ്.എന്നാൽ, തിരിച്ച് ഓരോ മന്ത്രി ചെയ്യുന്നതിനും മന്ത്രിസഭ കൂട്ടുത്തരവാദിയല്ല എന്ന് ഭരണഘടനാ ബെഞ്ച് ഓർമിപ്പിച്ചു.

Tags:    
News Summary - Prime Minister and Chief Minister have no control over ministerial discipline - Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.