അബൂദബി: അബൂദബിയിൽ നിർമിച്ച ശിലാക്ഷേത്രമായ ബാപ്സ് മന്ദിറിന്റെ ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 13ന് അബൂദബിയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. അഹ്ലൻ മോദി എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ 50,000ത്തിലേറെ പ്രവാസികൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
മേഖലയിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമായ ബാപ്സ് മന്ദിർ ഉദ്ഘാടനം ചെയ്യണമെന്ന ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചതായി ബാപ്സ് സ്വാമിനാരായണൻ സൻസ്ത പ്രസ്താവനയിൽ പറഞ്ഞു. ഫെബ്രുവരി 14നാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം. താമരയുടെ രൂപത്തിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ക്ഷേത്ര നിർമാണത്തിനുള്ള ഭൂമി സർക്കാർ സൗജന്യമായാണ് നൽകിയത്.
55,000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് ശിലകള്‍ കൊണ്ട് ഹൈന്ദവക്ഷേത്രം നിര്‍മിക്കുന്നത്. പുരാതന ഹൈന്ദവ ക്ഷേത്രങ്ങളുടെ മാതൃകകള്‍ ഉള്‍ക്കൊണ്ടുള്ള ക്ഷേത്ര നിര്‍മിതിക്കായി, ഹൈന്ദവ പുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും കഥകള്‍ കൊത്തിയ കല്ലുകളാണ് ഉപയോഗിച്ചത്. അബൂദബി-ദുബൈ ഹൈവേയില്‍ അബൂമുറൈഖയിലെ 10.9 ഹെക്ടറിലാണ് ക്ഷേത്രം. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളുടെ പ്രതീകമായി ക്ഷേത്രത്തിന് ഏഴു കൂറ്റന്‍ ഗോപുരങ്ങളുണ്ട്. 32 മീറ്റര്‍ ഉയരമുള്ള ക്ഷേത്രം മധ്യപൂര്‍വദേശത്തെ ഏറ്റവും വലുതാണ്.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് 2015ല്‍ അബൂദബി കിരീടാവകാശിയായിരിക്കെയാണ് ക്ഷേത്രനിര്‍മാണത്തിന് സ്ഥലം അനുവദിച്ചത്. ക്ഷേത്ര നിര്‍മാണത്തിനുള്ള ശിലകള്‍, മാര്‍ബിള്‍ രൂപങ്ങള്‍, ശില്പങ്ങള് തുടങ്ങിയവ ഇന്ത്യയില്‍ നിന്ന് കപ്പല്‍മാര്‍ഗം എത്തിക്കുകയായിരുന്നു. ആത്മീയവും സാംസ്കാരികവുമായ ആശയവിനിമയങ്ങള്‍ക്കുള്ള ആഗോള വേദി, സന്ദര്‍ശക കേന്ദ്രം, പ്രദര്‍ശന ഹാളുകള്‍, പഠന മേഖലകള്‍, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള കായിക കേന്ദ്രങ്ങള്‍, ഉദ്യാനങ്ങള്‍, ജലാശയങ്ങള്‍, ഭക്ഷണശാലകള്‍, ഗ്രന്ഥശാല തുടങ്ങിയവയും ക്ഷേത്രത്തോട് അനുബന്ധിച്ചുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.