ന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട് ഒഴിയുമ്പോൾ പകരം സഹോദരി പ്രിയങ്ക ഗാന്ധി വരാൻ സാധ്യതയെന്ന് കോൺഗ്രസ് നേതൃത്വം. വയനാട്ടിൽ രാഹുലിനു പകരം പ്രിയങ്ക വരുമോ എന്ന ചോദ്യത്തിനാണ് വന്നേക്കും എന്ന് ഉന്നത കോൺഗ്രസ് നേതാവ് മറുപടി നൽകിയത്. കോൺഗ്രസ് എടുക്കുന്ന തീരുമാനം വയനാടിനെയും റായ്ബറേലിയെയും സന്തോഷിപ്പിക്കുമെന്ന് പറഞ്ഞത് ഇതുകൊണ്ടാണെന്നും നേതാവ് സൂചന നൽകി. പാർട്ടി ഏതായാലും ഇക്കാര്യത്തിൽ ഉടൻ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട് രാഹുൽ ഗാന്ധിക്ക് മിസ് ചെയ്യുമല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ അങ്ങനെ ഊഹിക്കുന്നത് എന്തിനാണെന്ന് കോൺഗ്രസ് നേതാവ് തിരിച്ചുചോദിച്ചു. വയനാടിനെയും റായ്ബറേലിയെയും നിരാശപ്പെടുത്തില്ലെന്ന് പറഞ്ഞതിനാൽ ഇത്തരമൊരു ചോദ്യമുത്ഭവിക്കുന്നില്ലെന്നും അദ്ദേഹം തുടർന്നു. പ്രിയങ്ക വരുമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോൾ വന്നേക്കാം എന്ന് മറുപടിയും നൽകി.
റായ്ബറേലിയിൽ മത്സരിക്കാൻ രാഹുൽ രണ്ടു വർഷം മുമ്പ് എടുത്ത തീരുമാനമാണെന്നും അതിനുള്ള ഒരുക്കങ്ങൾ അന്നേ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം തുടർന്നു. എന്നാൽ ആരുമറിയാത്ത തരത്തലിൽ എല്ലാം രാഹുൽ രഹസ്യമാക്കിവെച്ചു. വയനാട്ടിലെ കാര്യത്തിൽ പാർട്ടി തീരുമാനം ഉടൻ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ലോക്സഭയിൽ പ്രതിപക്ഷ നേതാവിന്റെ ചുമതലയേൽക്കാനുള്ള താൽപര്യക്കുറവ് രാഹുൽ ഗാന്ധി കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. രാഹുൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് വിശാല കോൺഗ്രസ് പ്രവർത്തക സമിതി ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നുവെങ്കിലും സംഘടനയെ ഒരുക്കാനുള്ള പ്രവർത്തനത്തിന് പദവി തടസ്സമാകുമെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ലോക്സഭ പ്രതിപക്ഷ നേതാവാകുന്നതോടെ ഡൽഹി വിട്ടുപോകാൻ കഴിയാത്ത സാഹചര്യമുണ്ടാകും.
പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസും ഇൻഡ്യസഖ്യവും നടത്തിയ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ സംഘടനയെ ശക്തിപ്പെടുത്താനുള്ള തുടർപ്രവർത്തനം വേണമെന്ന നിലപാടിലാണ് രാഹുൽ. ഇക്കാര്യങ്ങൾ പരിഗണിച്ചുകൊണ്ടു മാത്രമേ തീരുമാനമെടുക്കാനാകൂ എന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.