ന്യൂഡൽഹി: ഉത്തർപ്രദേശിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ, പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനുള്ള പത്തിന നിർദേശങ്ങൾ അടങ്ങിയ കത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൈമാറി. യു.പിയിലെ കോവിഡ് സാഹചര്യങ്ങൾ വഷളാക്കിയത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ആസൂത്രണമില്ലായ്മയാണെന്ന് അക്കമിട്ട് നിരത്തി തുറന്നടിച്ചതിന് തൊട്ടുപിന്നാലെയാണ് നിർദേശങ്ങളുമായി പ്രിയങ്ക രംഗത്തെത്തിയിരിക്കുന്നത്.
കുറഞ്ഞ ടെസ്റ്റിങ് നിരക്കും ആശുപത്രി കിടക്കകളുടെ അഭാവവും സൃഷ്ടിക്കുന്ന ആശങ്ക പ്രിയങ്ക ഗാന്ധി കത്തിൽ പങ്കുവെച്ചിട്ടുണ്ട്. അടച്ചുപൂട്ടിയ കോവിഡ് ആശുപത്രികൾ വീണ്ടും തുറക്കണമെന്നും ജീവൻരക്ഷാ മരുന്നുകളുടെ ദൗർലഭ്യം പരിഹരിക്കണമെന്നും ഓക്സിജൻ കരിഞ്ചന്തയിൽ വിൽക്കുന്നത് തടയണമെന്നും പ്രിയങ്ക ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം സംബന്ധിച്ച വിവരങ്ങൾ മറച്ചുവെക്കരുതെന്നും പ്രിയങ്ക യോഗി ആദിത്യനാഥിനോട് അഭ്യർഥിച്ചു.
പ്രിയങ്കയുടെ പത്തിന നിർദേശങ്ങൾ ഇവയാണ്.
1. ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുൻനിര പോരാളികൾക്കും മാത്രമായി സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിക്കുക
2. അടച്ചുപൂട്ടിയ എല്ലാ കോവിഡ് ഹോസ്പിറ്റലുകളും സെന്‍ററുകളും വീണ്ടും തുറക്കുക. ഓക്സിജൻ ബെഡുകളുടെ എണ്ണം വർധിപ്പിക്കുക. വിരമിച്ച മെഡിക്കൽ ഓഫിസർമാരുടെയും നഴ്സുമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും സേവനം പ്രയോജനപ്പെടുത്തുക
3. കോവിഡ് സാഹചര്യം സംബന്ധിച്ച വിവരങ്ങൾ മറച്ചുവെക്കാതിരിക്കുക. തദ്ദേശ സ്ഥാപനങ്ങൾ വഴി ശ്മശാനങ്ങളെ പറ്റിയുള്ള വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുക
4. ആർടി-പിസിആർ പരിശോധനകൾ വർധിപ്പിക്കുക. 80ശതമാനം പരിേശാധനകളും ആർടി-പിസിആർ വഴിയാക്കുക. ഗ്രാമങ്ങളിൽ പുതിയ പരിശോധന കേന്ദ്രങ്ങൾ തുറക്കുക
5. ഗ്രാമങ്ങളിൽ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്യാൻ അംഗണവാടി ജീവനക്കാരുടെയും ആശ വർക്കർമാരുടെയും സേവനം പ്രയോജനപ്പെടുത്തുക
6. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആവശ്യത്തിന് ഓക്സിജൻ ലഭ്യത ഉറപ്പാക്കുന്നതിന് ഓക്സിജൻ സംഭരണ നയം കൊണ്ടുവരിക
7. നിർധനരും ലോക്ഡൗൺ കാരണം അന്യ സംസ്ഥാനങ്ങളിൽ നിന്ന് തിരികെ യു.പിയിലേക്ക് എത്തിയവരുമായ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം അനുവദിക്കുക
8. വാക്സിനേഷൻ യുദ്ധകാലാടിസ്ഥാനത്തിൽ ഊർജിതമാക്കുക. വാക്സിനേഷന് വേണ്ടിയുള്ള ബജറ്റ് വിഹിതം വർധിപ്പിക്കുക, 10,000 കോടി ആവശ്യമായിടത്ത് വെറും 40 കോടി മാത്രമാണ് വകയിരുത്തിയിരിക്കുന്നത്
9. നെയ്ത്തുകാർ, കൈത്തൊഴിൽ ചെയ്യുന്നവർ, ചെറുകിട കച്ചവടക്കാർ എന്നിവർക്ക് നികുതിയിളവ് അനുവദിക്കുക, അവരുടെ വൈദ്യുതി-വെള്ളം ബില്ലുകൾ സൗജന്യമാക്കുക
10. പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ സർക്കാർ എല്ലാ മേഖലകളിൽനിന്നും സാധ്യമായ എല്ലാ സഹായങ്ങളും സ്വീകരിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.