ന്യൂഡൽഹി: തന്റെ ബെഞ്ച് സ്ഥാനക്കയറ്റം സ്റ്റേ ചെയ്ത ഗുജറാത്ത് ജഡ്ജിമാരുടെ പട്ടികയിൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തടവുശിക്ഷ വിധിച്ച സൂറത്ത് കോടതി ജഡ്ജി ഇല്ലെന്ന് കഴിഞ്ഞദിവസം വിരമിച്ച സുപ്രീംകോടതി ജഡ്ജി എം.ആർ. ഷാ. മാനനഷ്ടക്കേസിൽ രാഹുലിനെ രണ്ടു വർഷം തടവിനു ശിക്ഷിച്ച സൂറത്ത് കോടതി ജഡ്ജി ഹരീഷ് ഹസ്മുഖ്ഭായ് വർമയുടെ സ്ഥാനക്കയറ്റം സ്റ്റേ ചെയ്തിട്ടില്ലെന്ന്, നിയമപോർട്ടലായ ‘ബാർ ആൻഡ് ബെഞ്ചി’നു നൽകിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ഷാ വെളിപ്പെടുത്തിയത്. തന്റെ വിധി മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘68 ജഡ്ജിമാരുടെ സ്ഥാനക്കയറ്റം ഞാൻ റദ്ദാക്കിയിട്ടില്ല. അവരിൽ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലുള്ള സ്ഥാനക്കയറ്റങ്ങൾ മാത്രമാണ് റദ്ദാക്കിയത്. സൂറത്ത് കോടതി ജഡ്ജിയുടെ സ്ഥാനക്കയറ്റം യോഗ്യതയുടെ അടിസ്ഥാനത്തിലുള്ളതാണ്. അത് റദ്ദാക്കിയിട്ടില്ല’’ -ഷാ വിശദീകരിച്ചു.
മേയ് 12ന് ജസ്റ്റിസ് എം.ആർ. ഷായും മലയാളിയായ ജസ്റ്റിസ് സി.ടി. രവികുമാറും അടങ്ങുന്ന ബെഞ്ചാണ് ഗുജറാത്ത് ഹൈകോടതിയുടെ ശിപാർശപ്രകാരം ഗുജറാത്ത് സർക്കാർ അസാധാരണമായ അടിയന്തര സ്വഭാവത്തിൽ സ്ഥാനക്കയറ്റം നൽകിയത് റദ്ദാക്കിയത്. 68 പേരുടെ സ്ഥാനക്കയറ്റത്തിന്റെ മൊത്തം പട്ടിക റദ്ദാക്കി പുതിയത് ഉണ്ടാക്കാനായിരുന്നു ഹരജിക്കാർ ആവശ്യപ്പെട്ടിരുന്നത്. അതിനാൽ സ്ഥാനക്കയറ്റത്തിനായി ഗുജറാത്ത് ഹൈകോടതി നൽകിയ ശിപാർശയും അത് അംഗീകരിച്ച് ഗുജറാത്ത് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനവും സ്റ്റേ ചെയ്തുവെന്നായിരുന്നു ജസ്റ്റിസ് ഷായുടെ വിധിപ്രസ്താവം. ജില്ല ജഡ്ജി നിയമന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ്, കോടതി നടപടി മറികടന്ന് ജില്ല ജഡ്ജിമാരാക്കാനുള്ള സ്ഥാനക്കയറ്റത്തിനുള്ള ശിപാർശയും വിജ്ഞാപനവുമെന്ന് വിലയിരുത്തിയായിരുന്നു ബെഞ്ചിന്റെ വിധി.
പരീക്ഷയിലെ മാർക്കും സീനിയോറിറ്റിയും പരിഗണിക്കാതെ തിരക്കിട്ട് നടത്തിയ സ്ഥാനക്കയറ്റത്തിനെതിരെ ഗുജറാത്തിലെ മുതിർന്ന സിവിൽ ജഡ്ജിമാരുടെ കേഡറിലുള്ള രവികുമാർ മേത്തയും സചിൻ പ്രതാപ് റായ് മേത്തയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹരജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ദുഷ്യന്ത് ദവെ, വിരമിക്കാനിരിക്കുന്ന ജസ്റ്റിസ് ഷാ ഈ കേസ് തിരക്കിട്ട് പരിഗണിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നത് ചോദ്യംചെയ്തിരുന്നു. ഇത് ഷായെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. തന്നെക്കൊണ്ട് ഒന്നും പറയിക്കരുതെന്ന് ജസ്റ്റിസ് ഷാ പ്രതികരിച്ചപ്പോൾ തന്നെ ഭീഷണിപ്പെടുത്താൻ നോക്കേണ്ടെന്ന് ദുഷ്യന്ത് ദവെയും പ്രതികരിച്ചിരുന്നു.
ന്യൂഡൽഹി: താൻ വിരമിക്കുന്നയാളല്ലെന്നും ജീവിതത്തിലെ പുതിയ ഇന്നിങ്സ് തുടങ്ങാൻ പോകുകയാണെന്നും തിങ്കളാഴ്ച സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് എം.ആർ. ഷാ. പുതിയ ഇന്നിങ്സ് കളിക്കാനുള്ള ശക്തിയും ധൈര്യവും നല്ല ആരോഗ്യവും നൽകണമേ എന്ന് താൻ ദൈവത്തോട് പ്രാർഥിക്കുകയാണെന്നും ഷാ കൂട്ടിച്ചേർത്തു. അവസാന പ്രവൃത്തി ദിവസമായ തിങ്കളാഴ്ച ചീഫ് ജസ്റ്റിസിനൊപ്പം ഒന്നാം നമ്പർ കോടതിയിൽ ആചാരപരമായ സിറ്റിങ്ങിന് ഇരുന്ന ജസ്റ്റിസ് ഷാ സംസാരത്തിനിടെ നിയന്ത്രണംവിട്ട് വിതുമ്പി. സുപ്രീംകോടതിയോട് വേർപിരിയും മുമ്പ് അദ്ദേഹം ‘ജീന യഹാ, മർന യഹാ’ എന്ന രാജ് കപൂറിന്റെ പ്രസിദ്ധമായ വരികളും ചൊല്ലി.
‘‘എന്റെ കാലയളവിൽ ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പപേക്ഷിക്കുന്നു. അത് ബോധപൂർവമായിരുന്നില്ല. ജോലി ആരാധനയായെടുത്തയാളാണ് ഞാൻ’’ -അദ്ദേഹം തുടർന്നു. അഭിഭാഷകരും രജിസ്ട്രിയും ജീവനക്കാരും നൽകിയ പിന്തുണക്ക് ജസ്റ്റിസ് ഷാ നന്ദി പറഞ്ഞു.
ഏറെ കാലം മുമ്പ് താൻ കേന്ദ്രസർക്കാറിന്റെ അഡീഷനൽ സോളിസിറ്റർ ജനറൽ ആയ കാലം തുടങ്ങിയതാണ് ജസ്റ്റിസ് എം.ആർ. ഷായുമായുള്ള ബന്ധമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. വൈകീട്ട് സുപ്രീംകോടതി ബാർ അസോസിയേഷനും ജസ്റ്റിസ് ഷാക്ക് യാത്രയയപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.