റാഞ്ചി: ഇന്ത്യയിൽ വേരുകളുള്ളതും എന്നാൽ പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ താമസിക്കുന്നവരോ താമസിച്ചവരോ ആയവർക്കുവേണ്ടിയാണ് പൗരത്വ ഭേദഗതി ബിൽ കൊണ്ടുവരുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. അവർ മതപരമായ കാരണങ്ങളാൽ പീഡനം അനുഭവിക്കുന്നുണ്ടെങ്കിൽ അവർക്ക് ഇന്ത്യൻ പൗരത്വം നൽകുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
എന്നാൽ വിഷയത്തെ മതപരമായി കേന്ദ്ര സർക്കാർ കാണുന്നില്ലെന്നും അദ്ദേഹം വാദിച്ചു. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ പ്രധാന മതം ഇസ് ലാം ആണ്. അവിടെ ഇന്ത്യൻ വംശജരും പീഡിപ്പിക്കപ്പെടുന്നവരുമായ ഇതര സമുദായക്കാർക്ക് പോകാൻ വേറെ ഇടമില്ല. അവർക്ക് ഞങ്ങൾ ഇന്ത്യയിൽ അഭയം നൽകും -അദ്ദേഹം വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ത്സാർഖണ്ഡിൽ പ്രാചരണത്തിനെത്തിയ പ്രതിരോധ മന്ത്രി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ച് സംസാരിച്ചത്. മതപരമല്ലാത്ത പ്രശ്നങ്ങളും ഈ മൂന്ന് രാജ്യങ്ങളിലെയും മുസ് ലിംകൾ നേരിടുന്നുണ്ടാവാം. പക്ഷേ പൗരത്വ ബിൽ മതപരമായി പീഡനമനുഭവിക്കുന്നവർക്ക് മാത്രമാണ്. പൗരത്വം നൽകുമ്പോൾ എന്തിനാണ് ഇവിടെ വന്നതെന്ന് ഓരോരുത്തരോടും ചോദിക്കും.
ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലും തമ്മിൽ കൂട്ടിക്കെട്ടരുത്. ദേശീയ പൗരത്വ രജിസ്റ്റർ വഴി എത്ര വിദേശികൾ രാജ്യത്ത് താമസിക്കുന്നുണ്ടെന്ന് അറിയുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.